തിരുവല്ല : വൃദ്ധദമ്പതികൾ താമസിക്കുന്ന വീടിന്റെ മതിൽ ഗ്രാമപ്പഞ്ചായത്തംഗത്തിന്റെ നേതൃത്വത്തിൽ തകർത്ത സംഭവത്തിൽ പുളിക്കീഴ് പോലീസ് കേസെടുത്തു. കോടതിയുടെ നിരോധന ഉത്തരവ് നിലനിൽക്കേയാണ് മതിൽ രാത്രിയിൽ പൊളിച്ചത്. നിരണം പഞ്ചായത്തംഗവും സി.പി.എം.നേതാവുമായ ഒരാൾ അടക്കം പത്തംഗ സംഘമാണ് അക്രമത്തിന് പിന്നിലെന്നു എസ്.ഐ. എം.സി. അഭിലാഷ് പറഞ്ഞു.
വെള്ളിയാഴ്ച രാത്രി 11.30-ഒാടെയാണ് സംഭവം. ചാക്കോ ബാബുവും ഭാര്യ ശോശാമ്മയും മാത്രമാണ് വീട്ടിൽ താമസം. ഇവർ പുറത്തിറങ്ങാതിരിക്കാൻ സിറ്റൗട്ടിന്റെ ഗ്രില്ല് താഴിട്ട് പൂട്ടിയശേഷമാണ് പൊളിച്ചത്. ഇതിനുവേണ്ടി പ്രദേശത്തെ തെരുവുവിളക്കുകളുടെ വൈദ്യുതിബന്ധവും വിച്ഛേദിച്ചതായി പരാതിയിൽ പറയുന്നു. മതിൽ പൂർണമായും പൊളിച്ചു. ഇവരുടെ വീട്ടിലെ സി.സി.ടി.വി. ദൃശ്യങ്ങളിൽ രണ്ടുപേരുടെ ചിത്രം ലഭിച്ചിട്ടുണ്ട്. മുഖംമൂടിയിട്ട് കമ്പിപ്പാരയുമായി എത്തിയവരാണ് അക്രമം കാട്ടിയതെന്ന് വീട്ടുകാർ പറഞ്ഞു. മതിൽക്കെട്ട് തകർക്കുന്ന ശബ്ദംകേട്ട് വീട്ടുകാർ ഉണർന്നു ബഹളമുണ്ടാക്കി.
ബന്ധുക്കളും സമീപവാസികളും ഓടിക്കൂടുന്നതുകണ്ട അക്രമികൾ രക്ഷപ്പെട്ടു. വീടിന്റെ വലതുവശത്തുള്ള വഴിയുമായി ബന്ധപ്പെട്ട് തർക്കങ്ങൾ നിലനിന്നിരുന്നു. മതിൽ പൊളിക്കുന്നതിനെതിരേ തിരുവല്ല മുൻസിഫ് കോടതി നിരോധന ഉത്തരവ് നൽകിയിരുന്നു.
ആരോപണവിധേയനായ പഞ്ചായത്തംഗം വീട്ടുടമസ്ഥനായ ചാക്കോ ബാബുവിന്റെ ഗൾഫിലുള്ള മകനെ ഭീഷണിപ്പെടുത്തുന്ന ശബ്ദസന്ദേശങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നുണ്ട്. നിരണം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ.പി.പുന്നൂസ് സംഭവസ്ഥലം സന്ദർശിച്ചു.