കലഞ്ഞൂർ : മൃതദേഹങ്ങൾക്കുപോലും ആത്മശാന്തി നൽകാൻ കഴിയാതെ, ഉറ്റവർ മരിക്കുമ്പോൾ ശരിയായ മരണാനന്തരകർമങ്ങൾ ചെയ്യാൻ കഴിയാതെ ഉപചാരപൂർവം സംസ്കരിക്കാൻ കഴിയാത്ത കുറെപ്പേരുണ്ട്‌ കലഞ്ഞൂരിൽ. പട്ടികജാതിക്കാർ കൂട്ടത്തോടെ താമസിക്കുന്ന സ്ഥലങ്ങളിലാണ് ബുദ്ധിമുട്ട് ഏറെയുള്ളത്.

രണ്ടുംമൂന്നും സെന്റ് സ്ഥലത്തെ ചെറിയ വീടുകളുടെ ഭിത്തിയോടുചേർന്ന് അതിന്റെ അരിക് തുരന്ന് ചെറിയ കുഴികളിൽ മൃതദേഹം സംസ്കരിക്കുമ്പോൾ ജീവിച്ചിരിക്കുന്ന ഉറ്റവരുടെ കണ്ണുംമനസ്സും തോരത്തില്ല. കലഞ്ഞൂർ ഗ്രാമപ്പഞ്ചായത്തിൽ നിരവധി സ്ഥലങ്ങളിലാണ് ഇത്തരത്തിൽ ബുദ്ധിമുട്ട്‌ നേരിടുന്നത്.

കലഞ്ഞൂർ ഗ്രാമപ്പഞ്ചായത്തിൽ കൂടുതൽ ആളുകൾ തിങ്ങിപ്പാർക്കുന്നിടമാണ് പെരുന്താളൂർ. ഭൂരിഭാഗവും പട്ടികജാതി വിഭാഗത്തിൽപ്പെട്ടവർ. രണ്ടുംമൂന്നും സെന്റുകളിലായി എൺപതോളം വീട്ടുകാരാണ് ഇവിടെ കഴിയുന്നത്. ചെറിയ വീടും കിണറും കക്കൂസും ഉൾപ്പെടെ സ്ഥിതിചെയ്യുന്നതും ഈ ഇടത്തിലാണ്‌.

പെരുന്താളൂരിലേക്ക് ആദ്യമെത്തിയത് മനുഭവനിൽ ഭവാനിയുടെ വീട്ടിലാണ്. നിറകണ്ണുകളോടെയാണ് ഭവാനി തന്റെ ഭർത്താവിന്റെ മൃതദേഹം അടക്കം ചെയ്തയിടം കാട്ടിത്തന്നത്. വീടിന്റെ ഭിത്തിയോടുചേർന്നാണ് അദ്ദേഹത്തെ അടക്കം ചെയ്തിട്ടുള്ളത്. ഇനിയൊരു മൃതദേഹം എവിടെ അടക്കുമെന്ന്‌ അധികാരികൾ അലോചിക്കണമെന്ന അവരുടെ വാക്കുകൾ കലഞ്ഞൂർ ഗ്രാമപ്പഞ്ചായത്തിനോടുള്ള ചോദ്യവുമാണ്.

പെരുന്താളൂരിൽ നിരവധി വീടുകളുടെ ഭിത്തി തുരന്നും അടുക്കളയുടെ അടിയിലും പരേതർ വിശ്രമിക്കുന്നുണ്ട്. കലഞ്ഞൂർ ഗ്രാമപ്പഞ്ചായത്തിലെ മിക്ക പട്ടികജാതി കോളനികളുടെയും ആവശ്യവും പൊതുശ്മശാനം വേണമെന്നതാണ്.

അതും ആധുനിക രീതിയിലുള്ള ശ്മശാനം തന്നെയാകണമെന്നും ആവശ്യപ്പെടുന്നു. വാർഡംഗത്തിന്റെ നേതൃത്വത്തിൽ നിരവധി തവണ ഈ വിഷയം ഗ്രാമപ്പഞ്ചായത്തിന്റെ ശ്രദ്ധയിൽ കൊണ്ടുവന്നതുമാണ്.അടിയന്തര ആവശ്യം

കലഞ്ഞൂരിലെ പട്ടികജാതി കോളനികളും മറ്റ് ജനവാസകേന്ദ്രങ്ങളും നേരിടുന്ന വലിയ പ്രശ്നമാണ് പൊതുശ്മശാനമില്ലെന്നത്‌. അടിയന്തര പ്രാധാന്യം നൽകി നടപ്പാക്കേണ്ട വിഷയത്തെ അധികാരികൾ വേണ്ട ഗൗരവമായി കാണുന്നില്ല.

എൽ.ലിജു, ബി.എൽ.എസ്.കോട്ടേജ്,പെരുന്താളൂർ

ഞങ്ങൾക്ക് ഇവിടെ ജീവിക്കണം

മരണവും മരണാനന്തരകർമങ്ങളും ഈ ചെറിയ സ്ഥലത്ത് വലിയ നടത്തുന്നത്‌ ബുദ്ധിമുട്ടാണ്. ഇത്തരം ബുദ്ധിമുട്ടുകൾ പരിഹരിക്കുന്നതിന് വലിയ ശ്രമമാണ് ഉണ്ടാകേണ്ടത്.

ബി.മഞ്ജുഷ മനു ഭവനം, പെരുന്താളൂർ‌

വസ്തുവാങ്ങിയതും വിവാദം

ഗ്രാമപ്പഞ്ചായത്ത് ശ്മശാനത്തിനായി വസ്തു വാങ്ങിയതും വിവാദത്തിലായി. പാടം വണ്ടണിപ്പാറയോടുചേർന്ന് വളരെ ഉയരമുള്ള പ്രദേശത്താണ് സ്ഥലംവാങ്ങിയത്. ഇതിന് സർക്കാർ നിശ്ചയിച്ച വില മറികടന്ന് പണംനൽകിയതും പ്രതിപക്ഷം ഉൾപ്പെടെ ചോദ്യംചെയ്തിരുന്നു. സ്വകാര്യ വ്യക്തിയിൽനിന്നുവാങ്ങിയ സ്ഥലത്തിന് പണം നൽകാൻ കുടുംബശ്രീവഴിയും, ക്വാറി, ക്രഷർ ഉടമകളിൽനിന്ന്‌ പണപ്പിരിവും പഞ്ചായത്ത്‌ മുൻഭരണസമിതി നടത്തിയിരുന്നു.

വണ്ടണിപ്പാറയിൽ ശ്മശാനം നിർമിക്കുന്നതിനെതിരേ പ്രദേശത്ത് ജനകീയസമരവും ഉണ്ടായി.