ഇരവിപേരൂർ : ഇരവിപേരൂർ-കല്ലൂപ്പാറ റോഡിൽ പ്രയാറ്റുകടവ് പാലത്തിന്റെ സമീപനപാതയിൽ രൂപവത്കൃതമായ വൻ ഗർത്തം അപകടക്കെണിയാകുന്നു. കഴിഞ്ഞ ദിവസം വൈകീട്ടാണ് പാതയിലെ മണ്ണൂർന്നുപോയി കുഴിയായി തീർന്നത്. ഇതിനോട് ചേർന്ന് നിരത്തിൽ വിള്ളലുമുണ്ട്. കുഴിയിലൂടെ താഴേക്ക് മണ്ണൂർന്ന് ഇപ്പോഴും വീഴുന്നുണ്ട്. വാഹന യാത്രക്കാർ വീഴാതിരിക്കാൻ പ്രദേശവാസികൾ ഇതിനകത്ത് കമ്പുനാട്ടി അടയാളമായി ചുവന്നൊരു ചാക്കും തൂക്കിയിരിക്കുന്നു. തെരുവുവിളക്ക് ഇല്ലാത്തതിനാൽ രാത്രിയിൽ വരുന്നവർ ഇതിൽ പതിക്കാനുള്ള സാധ്യത ഏറെയാണ്. പ്രളയത്തിൽ പാലത്തിന് ചുവട്ടിൽ മരങ്ങളും മുളങ്കുട്ടങ്ങളും വന്നിടിച്ചിരുന്നു. മുളങ്കൂട്ടങ്ങളിൽ ചിലതെല്ലാം ഒഴുകിമാറാതെ തങ്ങിക്കിടക്കുന്നു. കാൽനൂറ്റാണ്ട് മുന്നേ പണിത പാലത്തിന് മുകളിൽ ടാറിങ് നടത്തിയിരുന്നില്ല. ഇതിനാൽ കാലപ്പഴക്കത്താൽ ഉപരിതലത്തിന്റെ കോൺക്രീറ്റിളകി കമ്പി കണ്ടുതുടങ്ങി. ഇരവിപേരൂരിൽനിന്ന് കല്ലൂപ്പാറയ്ക്ക് പോകാനുള്ള എളുപ്പമാർഗമാണ്‌ ഈ പാത. അക്കാലത്ത് കാർ അടക്കമുള്ള ചെറിയ വാഹനങ്ങൾ കടന്നുപോകാൻവേണ്ടി നിർമിച്ച പാലമായിരുന്നു. എന്നാൽ, ഇതുവഴി ടോറസ് അടക്കമുള്ള വലിയ വണ്ടികൾ ഓടുന്നു.