കാവുംഭാഗം : കദളിമംഗലം-മണിപ്പുഴ-നെടുമ്പ്രം പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന മണിമല ആറിന്റെ കൈവഴിയിലാകെ നീർനായയാണ്. ഇനി കരയിലെ കാര്യമോ അതിലും കഷ്ടം. സൂക്ഷിച്ച് നടന്നില്ലെങ്കിൽ തെരുവുനായയുടെ കടി ഉറപ്പ്.

ചുരുക്കത്തിൽ കരയിലൂടെയും വെള്ളത്തിലൂടെയും വയ്യാത്ത അവസ്ഥ. കിഴക്കുംമുറി പുല്ലേലി കടവിനോട് ചേർന്ന് തീരത്തു വളർന്നുനിന്ന കൂറ്റൻ മുളങ്കാടുകൾ തിട്ട ഇടിഞ്ഞ് തോടിന്റെ മധ്യഭാഗംവരെ വീണുകിടക്കുകയാണ്. നീരൊഴുക്കിനു തടസ്സമായി മുളങ്കാടുകൾ തോടിനു കുറുകെ വീണ് കിടക്കാൻ തുടങ്ങിയിട്ട് ആറ് വർഷം പിന്നിടുന്നു. ഈ മുളങ്കാടുകൾക്ക് ഉള്ളിലാണ് നീർനായകൾ ആവാസകേന്ദ്രമാക്കി മാറ്റിയിരിക്കുന്നത്. മുളങ്കാടുകളിൽ തട്ടി മാലിന്യങ്ങളും കുന്നുകൂടികിടക്കുകയാണ്.

പുല്ലേലി കടവിലാണ് നീർനായ് ആക്രമണം തുടർക്കഥയാവുന്നത്. ഒറ്റയ്ക്കും കൂട്ടത്തോടെയുമാണ് ഇവ ആക്രമിക്കാൻ എത്തുന്നത്. അഞ്ചു മാസത്തിനിടെ നിരവധി പേർക്കാണ് ആക്രമണത്തിൽ പരിക്കേറ്റത്. പുഴയുടെ ഇരുകരകളിലുമുള്ള ജനങ്ങൾക്ക് വെള്ളത്തിൽ ഇറങ്ങി കുളിക്കാനോ വസ്ത്രം കഴുകാനോ കഴിയാത്ത അവസ്ഥയാണ്.

വെള്ളത്തിനടിയിലൂടെയുള്ള ആക്രമണമായതിനാൽ പെട്ടെന്ന് രക്ഷപ്പെടാനുമാകില്ല. വേനൽകാലത്ത് സമീപവാസികൾ ഏറെ ആശ്രയിക്കുന്നത് ഈ തോടിനെയാണ്. പരിഹാരത്തിനായി അധികൃതരെ സമീപിക്കാനുള്ള ശ്രമത്തിലാണ് നാട്ടുകാർ. അഞ്ചു മാസത്തിനിടെ നിരവധി പേർക്കാണ് നീർനായുടെ കടിയേറ്റത്. കുട്ടികൾ അടക്കമുള്ളവർക്ക് ഗുരുതരമായ പരിക്ക് ഏറ്റിരുന്നു. കിഴക്കുംമുറി ചക്കാത്രപടിമുതൽ വഞ്ചിപ്പാലം വരെയുള്ള റോഡിന് സമീപത്തുള്ള നൂറോളം വീട്ടുകാരാണ് ഏറെ ദുരിതം അനുഭവിക്കുന്നത്. കാവുംഭാഗം എറങ്കാവ്്, തിരുവമ്പാടി ക്ഷേത്രങ്ങളിലെ ആറാട്ട് നടക്കുന്നതും ഈ കടവിലാണ്. നീർനായുടെ ശല്യം നിയന്ത്രിക്കണം

വനംവകുപ്പ് ഉദ്യോഗസ്ഥർ നടപടി സ്വീകരിക്കണം. ചെറുകിട ജലസേചനവകുപ്പ് ഉദ്യോഗസ്ഥർ ഇടപ്പെട്ട് മണിമല ആറിന്റെ കൈവഴിയിലെ നീരൊഴുക്കിനു തടസ്സമായികിടക്കുന്ന മുളങ്കാടുകൾ നീക്കംചെയ്യണം

ജിജു മാത്യു ഏബ്രഹാം

ഇലഞ്ഞിമൂട്ടിൽ, കാവുംഭാഗം.മുളങ്കാടുകൾ നീക്കംചെയ്യണം

നിരവധി നാട്ടുകാർക്കാണ് പരിക്കേറ്റത്. മാത്യു ടി.തോമസ് എം.എൽ.എ. മുമ്പാകെ പരാതി നൽകിയിട്ടുണ്ട്. തോടിനു കുറുകെ കിടക്കുന്ന മുളങ്കാടുകൾ നീക്കം ചെയ്യണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

ജി.പ്രസാദ്

പുല്ലേലിൽ വീട്, കിഴക്കുംമുറി.