പത്തനംതിട്ട : പുരാവസ്തു വകുപ്പിന്റെ നവീകരണത്തിനിടെ നശിപ്പിക്കപ്പെട്ട കവയിത്രി സുഗതകുമാരിയുടെ തറവാട്ട്സർപ്പക്കാവിൽ പുനരുദ്ധാരണം നടത്താൻ കുടുംബാംഗങ്ങളുടെ തീരുമാനം. ആറന്മുളയിൽ ചേർന്ന വാഴുവേലിൽ കുടുംബയോഗമാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്. തുടർകാര്യങ്ങൾക്കായി ഭരതരാജ് പ്രസിഡന്റും ശ്രീകുമാർ സെക്രട്ടറിയുമായി 11 അംഗ കമ്മിറ്റിയെയും ചുമതലപ്പെടുത്തി. അടുത്ത ദിവസംതന്നെ തന്ത്രിമാരെക്കണ്ട് അവരുടെ നിർദേശപ്രകാരം മറ്റ് കാര്യങ്ങൾ നിശ്ചയിക്കുമെന്ന് ശ്രീകുമാർ പറഞ്ഞു. കാവിലെ പൂജകൾ നടന്നുകൊണ്ടിരുന്ന ഏപ്രിൽമാസത്തിലേക്ക് പുനരുദ്ധാരണവും പൂജകളും പൂർത്തിയാക്കാനുള്ള സാധ്യതകളാണ് തേടുന്നത്.
പുരാവസ്തു വകുപ്പ് 64 ലക്ഷം മുടക്കി വാഴുവേലിൽ തറവാട്ടിൽ നടത്തിയ നവീകരണ പ്രവർത്തനങ്ങൾക്കിടയിലാണ് സർപ്പക്കാവ് വെട്ടി നശിപ്പിച്ചത്. കാവിൽ കരിങ്കല്ല്പാകുകയും വിഗ്രഹത്തിൽ പെയിന്റ് അടിയ്ക്കുകയും ചെയ്തു. വിവാദമായതോടെ രണ്ട് ദിവസത്തിന് ശേഷം കാവിൽ ചെളികലക്കി ഒഴിച്ചും അനാദരവ് കാണിച്ചു. കരിങ്കല്ല് പാകിയത് കാണാതിരിക്കാനായിരുന്നു ഇത്. കാവിൽകാണിച്ചതൊന്നും തങ്ങളല്ലെന്ന നിലപാടിലാണ് പുരാവസ്തു വകുപ്പ് ഇപ്പോഴുമുള്ളത്. ആറന്മുള പോലീസിന്റെ അന്വേഷണവും നടക്കുന്നുണ്ട്.