കവിയൂർ : കുട്ടിവനമായിരുന്ന കവിയൂർ കുടിവെള്ളപദ്ധതിയുടെ പൂവക്കാല ബൂസ്റ്റിങ് സ്റ്റേഷൻ വൃത്തിയാക്കി. ഒന്നർവർഷമായി പ്രവർത്തനരഹിതമായി കിടന്നതിനെ തുടർന്ന് പരിസരമാകെ കാടുപിടിച്ചനിലയിലായിരുന്നു. ജല അതോററ്റിയുടെ ആവശ്യപ്രകാരം പഞ്ചായത്ത് മുൻകൈയെടുത്താണിത് വെട്ടിത്തെളിച്ചതെന്ന് പ്രസിഡന്റ് എം.ഡി.ദിനേശ്കുമാർ അറിയിച്ചു. ഇതിനകത്തെ മോട്ടോർ ഉൾപ്പെടെയുള്ള അനുബന്ധ ഉപകരണങ്ങൾ സംരക്ഷണമില്ലാതെയാണ് കിടന്നത്. കറ്റോട്ടുനിന്ന് പമ്പിങ് നടത്തിവന്നിരുന്ന കാലത്ത് ഇലവിനായിൽ സ്ഥാപിച്ച രണ്ടുടാങ്കുകൾ നിറച്ചായിരുന്നു ജലവിതരണം. ഏകദേശം ആറുലക്ഷം ലിറ്റർ വെള്ളം സംഭരിക്കാൻ ശേഷിയുള്ള സംഭരണികളാണിവ. കവിയൂർ-കുന്നന്താനം കുടിവെള്ളപദ്ധതിക്ക് തോട്ടഭാഗം ഇടശ്ശേരിക്കയത്ത് പമ്പിങ് സ്റ്റേഷൻ തുടങ്ങിയതോടെ തിരുവല്ലയിൽനിന്നുള്ള വിതരണം നിർത്തി. പൂവക്കാലയ്ക്കുള്ള പഴയ പൈപ്പുലൈൻ മാറ്റുന്നതിനുള്ള പണികൾ തുടങ്ങിയതോടെ ബൂസ്റ്റിങ്ങ് സ്‌റ്റേഷൻ പ്രവർത്തനരഹിതമായി. തിരുവല്ല നഗരസഭയുടെയും കുന്നന്താനം പഞ്ചായത്തിന്റെയും അതിർത്തിയായ വൈറ്റാട് ഭാഗത്തെ പൈപ്പുകൾ ബന്ധിപ്പിക്കേണ്ടിയിരുന്നു. ഇതിന്റെ 50 മീറ്റർ ദൂരത്തെ പണികൾ അനിശ്ചിതമായി നീണ്ടത് വിതരണം പ്രതിസന്ധിലാക്കി. ഇക്കാര്യങ്ങൾ മാതൃഭൂമി തിങ്കളാഴ്ച വാർത്തയായി നൽകിയിരുന്നു.
പൈപ്പുപണി
പൂർത്തിയാക്കി. വൈറ്റാട് ഭാഗത്തെ പണികൾ പൂർത്തിയാക്കി. ബൂസ്റ്റിങ്ങ് സ്‌റ്റേഷനില മോട്ടോറുകളും നന്നാക്കി. ഒരാഴ്ചയ്ക്കുള്ളിൽ ഇതിനകത്തെ ബാക്കിപണികൾ പൂർത്തിയാക്കും. തിരുവല്ലയിലിൽനിന്ന് പൂവക്കാലവഴി ഇലവിനായിൽ ഈ ആഴ്ചയുടെ അവസാനം വെള്ളമെത്തിക്കും. സുധീർ, അസിസ്റ്റന്റ് എൻജിനീയർ, തിരുവല്ല ജല അതോറിറ്റി ഓഫീസ്.