സീതത്തോട് : ‘ബഹുമാനപ്പെട്ട ജില്ലാ കളക്ടർ... 2018-ലെ മഹാപ്രളയത്തോടനുബന്ധിച്ചുണ്ടായ ഉരുൾപൊട്ടലിലും മണ്ണിടിച്ചിലിലും വീടും സ്ഥലവും നഷ്ടപ്പെട്ട കുറെ പാവങ്ങളാണ് ഞങ്ങൾ’. മൂന്നുവർഷമായി കയറിക്കിടക്കാനിടമില്ലാതെയും, സ്ഥിരമായി താമസമുറപ്പിക്കാത്തതിനാൽ കൂലിപ്പണിപോലും കൃത്യമായി ചെയ്യാനാകാതെയും കൊടിയ ദുരിതം പേറുകയാണ് ഞങ്ങൾ ഒൻപത് കുടുംബങ്ങൾ. ഇതിനൊരു പരിഹാരമുണ്ടാക്കുമോ സാർ, മുട്ടാത്ത വാതിലുകളില്ല. കാണാത്ത ജനപ്രതിനിധികളുമില്ല.
ഞങ്ങളെ പുനരധിവസിപ്പിക്കാനായി ചിറ്റാറിൽ ഒൻപത് വീടിന്റെ പണി പൂർത്തിയാക്കിയിട്ടുണ്ട്. ഒരുവർഷത്തിലധികമായി ഈ വീടുകൾ വെറുതേ കിടക്കുകയാണ്. എന്നാൽ, ഇവ ഞങ്ങൾക്ക് കൈമാറുന്നതിനുള്ള നടപടികൾ എന്തൊെക്കയോ കാരണത്താൽ വൈകുകയാണ്. ഇവിടേക്കുള്ള പുനരധിവാസം സംബന്ധിച്ച് ബന്ധപ്പെട്ട അധികൃതർ പലപ്പോഴും പല കാര്യങ്ങളാണ് പറയുന്നത്. ഉടൻ ശരിയാകുമെന്ന മറുപടി കേട്ട് ഞങ്ങൾ മടുത്തു. ഞങ്ങൾക്കറിയില്ല, എന്താണിതിലെ കാലതാമസമെന്ന്. അങ്ങ് ഇക്കാര്യത്തിൽ ഒരു തീരുമാനം കൈക്കൊള്ളുമെന്ന് ഞങ്ങൾ ഉറച്ച് വിശ്വസിക്കുന്നു.
ഞങ്ങൾ പാവങ്ങളല്ലേ സാർ... ഞങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ആർക്കും വലിയ താത്പര്യമൊന്നുമില്ല. ഞങ്ങൾക്കുമൊന്നു തലചായ്ക്കണ്ടേ സാർ. അങ്ങ് ഇക്കാര്യത്തിൽ മനസ്സുതുറക്കുമെന്നാണ് ഞങ്ങളുടെ വിശ്വാസം. വീണ്ടും തിരഞ്ഞെടുപ്പ് വരികയല്ലേ. ഇനി പെരുമാറ്റച്ചട്ടമെന്നൊക്കെ പറഞ്ഞ് മാസങ്ങൾ വാടകവീടുതോറും കയറിയിറങ്ങാൻ വയ്യ...’
2018-ലെ ഉരുൾപൊട്ടലിൽ സീതത്തോട്, ചിറ്റാർ പഞ്ചായത്തുകളിലായി വീട് നഷ്ടപ്പെട്ട ഒൻപത് കുടുംബങ്ങളെയാണ് ഇനിയും പുനരധിവസിപ്പിക്കാനുള്ളത്. ഇവർക്കായി ഒരു പ്രമുഖ സ്വകാര്യ ഗ്രൂപ്പ് ചിറ്റാർ കവലയ്ക്കുസമീപം ഒൻപത് വീട് പണികഴിപ്പിച്ചിട്ടിരിക്കുകയാണ്. എന്നാലിത് ഇവരുടെപേരിലേക്ക് മാറ്റി അവരെ അവിടെ താമസിപ്പിക്കുന്നതിൽ വന്നിട്ടുള്ള കാലതാമസമാണ് പ്രശ്നം. പ്രളയത്തിൽ സർവതും നഷ്ടപ്പെട്ട കുടുംബങ്ങളെല്ലാം വാടകവീടുകൾ മാറിമാറി കഴിയുകയാണ്.
സ്ഥിരമായൊരു സ്ഥലത്ത് താമസിക്കാൻ കഴിയാത്തതിനാൽ ഉപജീവനത്തിന് ജോലി തേടുന്നതുപോലും ബുദ്ധിമുട്ടിലാണ്.
ഇപ്പോൾ പണിതിട്ടിരിക്കുന്ന വീടുകൾ വെറുതേകിടന്ന് നശിക്കുന്ന സ്ഥിതിയിലാണെന്നതും ഈ പാവങ്ങളെ ആശങ്കപ്പെടുത്തുന്നു. ഇവരുടെ കാര്യത്തിൽ ജില്ലാ ഭരണകൂടം കണ്ണുതുറക്കുമോ.