തിരുവല്ല : വിവിധതരം കപ്പലുകളുടെ കൂറ്റൻ ശേഖരവുമായി കടപ്ര വളഞ്ഞവട്ടത്തെ കുസുമഭവനം. 37 വർഷത്തെ പ്രവൃത്തിപരിചയം കൈമുതലായ ശശിധരൻ നായരാണ്, ജോലിയിൽനിന്ന് വിരമിച്ചശേഷം കപ്പലുകളുടെ മാതൃകകൾ വീട്ടിൽ ഉണ്ടാക്കിവച്ചിരിക്കുന്നത്. ഇരുപത്തൊന്നാംവയസ്സിലാണ് മുംബൈയിലെ കപ്പൽ നിർമാണശാലയിൽ ജോലിക്ക് പ്രവേശിച്ചത്. മസഗൺ ഡോക്ക്, ബഹ്‌െെറൻ ഷിപ്പ്‌യാർഡ്, സൗദി അറേബ്യൻ എയർബെയ്‌സ്, ഡ്രൈഡോക്ക് വേൾഡ് ദുബായ് എന്നിവിടങ്ങളിൽ ജോലി ചെയ്തപ്പോൾ മനസ്സിൽ കാത്തുസൂക്ഷിച്ച കൂറ്റൻ കപ്പലുകളിൽനിന്നാണ് ചെറുപതിപ്പുകൾ നിർമിക്കാൻ പ്രചോദനമായത്.
ഓയിൽ, ഗ്യാസ്, കെമിക്കൽ തുടങ്ങി കപ്പലുകളുടെ സുരക്ഷകൾ പാലിക്കാനായുള്ള ഇരുപതോളം കോഴ്‌സും ശശിധരൻ നായർ വിജയിച്ചു. മൂന്നുവർഷംകൊണ്ടാണ് ഒരു കപ്പലിന്റെ നിർമാണം പൂർത്തിയാകുന്നത്. പ്രാരംഭപണികൾമുതൽ കടലിലേക്കിറക്കുന്നതുവരെയുള്ള നിർമാണപ്രവർത്തനങ്ങളിൽ ഇദ്ദേഹത്തിന് സാക്ഷ്യംവഹിക്കാനായി.
നാവികസേന കപ്പൽ, യുദ്ധക്കപ്പൽ, ഒായിൽ ടാങ്കറുകൾ, അന്തർവാഹിനി കപ്പൽ, ആഴക്കടൽ മത്സ്യബന്ധനക്കപ്പൽ, ഫ്ളോട്ടിങ് െക്രയിൻ, ടവർ െക്രയിൻ തുടങ്ങി പതിനഞ്ചോളം കപ്പൽകൊണ്ട് നിറഞ്ഞിരിക്കുകയാണ് വീട്. ഭാര്യ കുസുമത്തിന്റെയും കൊച്ചുമക്കളുടെയും പേരുകളാണ് സ്വന്തമായി നിർമിച്ച കപ്പലുകൾക്ക് നൽകിയിരിക്കുന്നത്. നാലഞ്ചുദിവസം പണിപ്പെട്ടാണ് ഒരു കപ്പലിന്റെ മാതൃക നിർമിക്കുന്നത്. പി.വി.സി. ഷീറ്റുകൾ, പൈപ്പുകൾ, ഹാർഡ്‌ബോർഡ്, പ്ലാസ്റ്റർ ഓഫ് പാരീസ്, പശ, പലതരം പെയിന്റുകൾ എന്നിവ കൂട്ടിച്ചേർത്താണ് ഇവ നിർമിക്കുന്നത്. 2000 രൂപയോളമാണ് ഒരെണ്ണത്തിന്റെ നിർമാണച്ചെലവ്. എഴുപതാംവയസ്സിലും കപ്പൽ നിർമാണത്തിനൊപ്പം മട്ടുപ്പാവിൽ ജൈവകൃഷിയും ശശിധരൻ നായർ നടത്തുന്നുണ്ട്.
ആദ്യമൊക്കെ പ്രവൃത്തിപരിചയ, ശാസ്ത്ര മേളകളിൽ പങ്കെടുക്കാനായി കപ്പൽ നിർമാണത്തിൽ വിദ്യാർഥികൾക്ക് സഹായവുമായെത്തി. വിദ്യാർഥികൾക്ക് സ്വന്തം ചെലവിലാണ് ഇവയുടെ നിർമാണത്തിനാവശ്യമായ സാധനങ്ങൾ ശശിധരൻ നായർ വാങ്ങിനൽകിയത്. ഒായിൽ ഫീൽഡ് േസഫ്റ്റി ഓഫീസർ െട്രയിനിങ്ങ് ഇൻസ്റ്റിറ്റ്യൂട്ട് തിരുവല്ലയിൽ ആരംഭിച്ചെങ്കിലും കോവിഡ് കാലമായതിനാൽ താത്‌കാലികമായി ഇതും പൂട്ടി. കോളേജുകൾ, ഫാക്ടറികൾ, വൻകിട ഹോട്ടലുകൾ, ആശുപത്രികൾ, കൊച്ചിൻ ഷിപ്പ്‌യാർഡ് എന്നിവിടങ്ങളിൽ ഫയർ ആൻഡ് േസഫ്റ്റിയിൽ പരിശീലനം നൽകാനും സമയം കണ്ടെത്തുന്നു. പലവിധത്തിലുള്ള കപ്പലുകളുടെ മോഡലും കോവിഡ് കാലത്ത് നിർമിക്കാൻ കഴിഞ്ഞതാണ് മനസ്സിന്റെ സന്തോഷമെന്ന് ശശിധരൻ നായർ പറഞ്ഞു.