കലഞ്ഞൂർ : ഇളമണ്ണൂർ-കലഞ്ഞൂർ-പാടം റോഡിന്റെ നിർമാണപ്രവർത്തനം ഇഴയുന്നത് നിരവധി പ്രദേശങ്ങളിൽ വലിയ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നു.
പൊതുമരാമത്ത് വകുപ്പും ജനപ്രതിനിധികളും നിരവധി തവണ സ്ഥലത്ത് എത്തി കരാറുകാരനോട് റോഡ് പണി വേഗത്തിലാക്കണമെന്നാവശ്യപ്പെട്ടിട്ടും ഒരു പുരോഗതിയും ഇല്ല. ഇളമണ്ണൂരിൽനിന്ന് കലഞ്ഞൂർ വഴി പാടത്തിനുള്ള റോഡിന്റെ ദൈർഘ്യം 12.47 കിലോമീറ്ററാണ്. 22 കോടി രൂപ മുടക്കി റോഡ് നവീകരണത്തിന് 18 മാസ കാലാവധി നൽകി പണി ആരംഭിച്ചത് 2018 നവംബറിലാണ്. പണികൾ തുടങ്ങി 28 മാസമാകുമ്പോഴും റോഡിന്റെ 4.2 കിലോമീറ്റർ ദൂരം മാത്രമാണ് പൂർത്തിയാക്കിയത്. 2020 ഡിസംസംബറിൽ റോഡ് പണി പൂർത്തീകരിക്കണമെന്ന് പൊതുമരാമത്ത് വകുപ്പ് കരാറുകാരന് അവസാന നിർദേശവും നൽകിയിരുന്നു. എന്നാൽ, വളരെ കുറച്ച് ജോലിക്കാരെ മാത്രം ഉപയോഗിച്ച് നടക്കുന്ന നിർമാണപ്രവർത്തനം അടുത്ത രണ്ട് വർഷമായാലും തീർക്കാത്ത നിലയിലാണ് ഇപ്പോഴത്തെ പോക്ക്.
പൊതുമരാമത്ത് വകുപ്പിന്റെ ഉദ്യോഗസ്ഥരുടെ ശക്തമായ മേൽനോട്ടമില്ലായ്മയും പണിയുടെ ഇഴച്ചിലിന് കാരണമാകുന്നുണ്ട്. കലഞ്ഞൂർ വാഴപ്പാറമുതൽ മണക്കാട്ടുപുഴവരെയുള്ള റോഡ് പൂർണമായും ഇളക്കിയിട്ടിരിക്കുകയാണ്.
അവിടെ ചില ഭാഗത്ത് മെറ്റൽ നിരത്തുന്ന പണികളും മണക്കാട്ടുപുഴ വലിയ വളവിലെ കലുങ്ക് നിർമാണവുമാണ് ഇപ്പോൾ നടക്കുന്നത്. റോഡ് പണിയുമായി ബന്ധപ്പെട്ട് നിരവധി പരാതികൾ ഉയർന്നപ്പോൾ അഡ്വ. കെ.യു.ജനീഷ്‌കുമാർ എം.എൽ.എ., പൊതുമരാമത്ത് വകുപ്പിലെ ഉദ്യോഗസ്ഥർക്ക് ഒപ്പം കഴിഞ്ഞ മാസം ആദ്യം പരിശോധന നടത്തുകയും ഫെബ്രുവരി മാസം തന്നെ പണി പൂർത്തീകരിക്കണമെന്ന് നിർദേശവും നൽകിയിരുന്നു. പണി പൂർത്തീകരിച്ചില്ലെങ്കിൽ കരാറുകാരനും ഉദ്യോഗസ്ഥർക്കും എതിരേ കർശന നടപടി എടുക്കുമെന്നും അന്ന് പറഞ്ഞിരുന്നു. ഇനി മണക്കാട്ടുപുഴ കലുങ്കിന് ഒപ്പം മാങ്കോട്, പാടം പ്രദേശങ്ങളിൽ നിരവധി കലുങ്കുകളുടെ പണികളും തീർക്കാനുണ്ട്. താഴ്ന്ന പ്രദേശങ്ങൾ ഉയർത്തി 5.50 മീറ്റർ കാരേജ് വേ വീതിയിൽ ബിറ്റുമിനസ് മെക്കാടം ആൻഡ് ബിറ്റുമിനസ് കോൺക്രീറ്റ് ചെയ്ത് ഉപരിതലം പുതുക്കുന്ന പണികൾക്ക് ഒപ്പം ഇരുവശങ്ങളിലുമായി 5460 മീറ്റർ ഓട, 10,328 ചതുരശ്രമീറ്റർ ഇന്റർലോക്ക് എന്നിവയുടെ പണികളും നടക്കണം. ഇളമണ്ണൂർ-കലഞ്ഞൂർ-പാടം റോഡുപണി തുടങ്ങിയിട്ട് 28 മാസം