തിരുവല്ല : തീപ്പനിയുടെ ദുരിതത്തിന് പരിഹാരവുമായി റെയിൽവേ. റെയിൽപ്പാത ഇരട്ടിപ്പിച്ചതിനെ തുടർന്ന് സ്ഥിരം വെള്ളക്കെട്ടിലായ തീപ്പനിഭാഗത്ത് ചൊവ്വാഴ്ച ഉദ്യോഗസ്ഥർ പരിശോധന നടത്തി. വെള്ളക്കെട്ട് ഒഴിവാക്കുന്നതിന് മണ്ണുനീക്കി ചാലുതെളിക്കാനും ഓടയിൽവീണുകിടക്കുന്ന കൽക്കെട്ടിന്റെ ഭാഗം നീക്കാനും തീരുമാനിച്ചു. ഉദ്യോഗസ്ഥരുടെ പരിശോധനാ റിപ്പോർട്ട് മേലധികൃതർ അംഗീകരിക്കുന്ന മുറയ്ക്ക് പണികൾ നടക്കും. അധികം കാലതാമസം ഇതിന് ഉണ്ടാവില്ലെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

റെയിൽവേയുടെ അശാസ്ത്രീയ പണികൾമൂലം തീപ്പനിയിലെ ദുരിതത്തിലായ വീട്ടുകാരുടെ വാർത്ത സെപ്റ്റംബർ 18-ന് 'മാതൃഭൂമി' പ്രസിദ്ധീകരിച്ചിരിുന്നു. ആറ് വർഷം മുമ്പ് ട്രാക്ക് ഉയർത്തുന്നതിന് സംരക്ഷണഭിത്തി കെട്ടിയപ്പോൾ തീപ്പനിയിലെ വെള്ളം ഒഴുകാനുള്ള മാർഗം അടഞ്ഞുപോയിരുന്നു. റെയിൽവേയുടെ സ്ഥലമായതിനാൽ മറ്റ് കേന്ദ്രങ്ങൾ വെള്ളക്കെട്ട് വിഷയത്തിൽ ഇടപെടാൻ മടിച്ചു.

നഗരസഭയിലെ 14-ാം വാർഡിൽപ്പെടുന്ന സ്ഥലത്തെ വീട്ടുകാരാണ് ദുരിതം അനുഭവിച്ചിരുന്നത്. 15-ാം വാർഡിലെ വെള്ളക്കെട്ടുള്ള സ്ഥലത്തും സംഘം പരിശോധനകൾ നടത്തി. നഗരസഭാ ചെയർപേഴ്‌സൺ ബിന്ദു ജയകുമാർ, കൗൺസിലർമാരായ ജിജി വട്ടശ്ശേരി, ജാസ് പോത്തൻ, മുനിസിപ്പൽ എൻജിനീയർ ബിന്ദു വേലായുധൻ തുടങ്ങിയവർ ഉദ്യോഗസ്ഥർക്കൊപ്പം ഉണ്ടായിരുന്നു.