പള്ളിക്കൽ : കെ.റെയിൽ പദ്ധതി വരുന്നതോടുകൂടി പള്ളിക്കൽ പഞ്ചായത്തിലെ നൂറോളം വീടുകളും ക്ഷേത്രങ്ങളുടെ സ്ഥലങ്ങളും നഷ്ടമാകുമെന്ന് നാട്ടുകാരുടെ പരാതി.

പള്ളിക്കൽ പഞ്ചായത്തിലെ ഭൂരിഭാഗം പ്രദേശങ്ങളും പദ്ധതിയുമായി ബന്ധപ്പെട്ട് ഒറ്റപ്പെടാൻ സാധ്യതയുണ്ട്. ഈ പദ്ധതികൊണ്ട് പത്തനംതിട്ട ജില്ലയിലെ ഒരാൾക്കുപോലും പ്രയോജനം ലഭിക്കുന്നില്ല.

റെയിൽ െലെൻ കടന്നുപോകുന്ന ഭാഗത്ത് ഇരുവശത്തും മതിലുകൾ കെട്ടുന്നതിനാൽ പല പ്രദേശങ്ങളും ഒറ്റപ്പെടാൻ സാധ്യയുള്ളതായി കെ.റെയിൽ വിരുദ്ധ സമിതി പള്ളിക്കൽ യൂണിറ്റ് അവകാശപ്പെടുന്നു. ‌ തിരുവനന്തപുരംമുതൽ കാസർകോടുവരെയുള്ള 529 കിലോമീറ്റർ ദൂരം വരുന്ന പദ്ധതിയാണ് കെ. റെയിൽ. ഈ പദ്ധതി പള്ളിക്കൽ പഞ്ചായത്തിലൂടെ വേണ്ട എന്നാവശ്യപ്പെട്ട് കെ. റെയിൽ വിരുദ്ധ സമിതി പള്ളിക്കൽ യൂണിറ്റിന്റെ നേതൃത്വത്തിൽ പള്ളിക്കൽ പഞ്ചായത്ത് ഓഫീസിനുമൻപിൽ കഴിഞ്ഞ ദിവസം പ്രതിക്ഷേധ ധർണ നടത്തി.

കെ.പി.സി.സി. എക്സിക്യുട്ടീവ് അംഗം തോപ്പിൽ ഗോപകുമാർ ഉദ്ഘാടനം ചെയ്തു. സമരസമിതി പ്രസിഡന്റ് അരവിന്ദാക്ഷനുണ്ണിത്താൻ അധ്യക്ഷനായി. പള്ളിക്കൽ ഗ്രാമപ്പഞ്ചായത്തംഗങ്ങളായ പ്രമോദ്, രഞ്ജിനി കൃഷ്ണകുമാർ, സമരസമിതി സെക്രട്ടറി ശാന്തൻപിള്ള, സമരസമിതി ജില്ലാ ഭാരവാഹികളായ ഓമനക്കുട്ടൻ, മധു, കോശി, ശിവപ്രസാദ്, വിമൽ, അപ്പു, പ്രിയ, ഉണ്ണികൃഷ്ണൻ ഉണ്ണിത്താൻ, വിജയൻ പിള്ള, സന്തോഷ് പള്ളിക്കൽ എന്നിവർ പങ്കെടുത്തു.