അടൂർ : അതീവ സുരക്ഷാ ഇടനാഴിയുടെ ഭാഗമായി എം.സി.റോഡിന്റെ മിക്കഭാഗങ്ങളും നവീകരിച്ചു. പക്ഷേ, ഇവിടെയെങ്ങും വേണ്ടത്ര സുരക്ഷാ സംവിധാനങ്ങളില്ലെന്നത് മറ്റൊരു യാഥാർഥ്യമാണ്. ദിവസേന ചെറുതുംവലുതുമായ നിരവധി അപകടങ്ങളാണ് ഉണ്ടാകുന്നത്.

അമിതവേഗമാണ് അപകടങ്ങൾക്ക് കാരണമെന്ന് പോലീസും ഗതാഗതവകുപ്പും പറയുന്നു. പക്ഷേ, വേഗം കുറയ്ക്കാനുള്ള നടപടികൾ ഈ രണ്ടുവകുപ്പുകളും ചെയ്യുന്നില്ലെന്ന് നാട്ടുകാർ പറയുന്നു.

മഴക്കാലമായതോടെ എം.സി.റോഡിൽ നിരവധി അപകടങ്ങളാണ് നടക്കുന്നത്. അപകടത്തിൽപ്പെടുന്ന പല വാഹനങ്ങളുടെയും ടയറുകൾ പഴക്കംചെന്നവയാണ്. അടുത്തിടെ ഹൈസ്കൂൾ പരിസരത്ത് ചുടുകട്ടയിറക്കി പന്തളം ഭാഗത്തുനിന്നുവന്ന ലോറി താഴ്ചയിലേക്ക് മറിഞ്ഞിരുന്നു.

വാഹനം നൽകി പക്ഷേ...

കഴക്കൂട്ടം മുതൽ അടൂർവരെയുള്ള സംസ്ഥാനപാതയിൽ വാഹനാപകടങ്ങൾ കുറച്ച് സുരക്ഷിത ഇടനാഴിയാക്കുന്ന പദ്ധതിയുടെ ഭാഗമായി കേരള സ്റ്റേറ്റ് ട്രാൻസ്പോർട്ട് പ്രോജക്ട്‌ (കെ.എസ്.ടി.പി.) കേരള പോലീസിന് പത്ത് വാഹനങ്ങളാണ് കൈമാറിയത്. ഇതിൽ ഏനാത്ത് പോലീസിന് ഒരു കാറാണ് ലഭിച്ചത്. അടൂർ പോലീസ് സ്റ്റേഷനിൽ മോട്ടോർ സൈക്കിളുമാണ് അനുവദിച്ചത്. ട്രാഫിക് കോൺ, ഫ്ളഡ്‌ലിറ്റ് ലൈറ്റ്‌ തുടങ്ങിയ സുരക്ഷാ ഉപകരണങ്ങളും ബ്രീത്ത് ആൽക്കോമീറ്റർ, ഹാൻഡ്ഹെൽഡ് റേഡിയോ, ബോഡി ക്യാമറ, ലേസർസ്പീഡ് വീഡിയോക്യാമറ തുടങ്ങി റോഡരികിലെ ഡ്യൂട്ടിക്ക് ആവശ്യമായ അനുബന്ധ ഉപകരണങ്ങളും ഇതോടൊപ്പം നൽകിയിരുന്നു. മോട്ടോർവാഹന വകുപ്പിനും ഇത്തരത്തിൽ വാഹനങ്ങൾ നൽകി. പക്ഷേ, പോലീസ് മാത്രമാണ് അല്പമെങ്കിലും ഇപ്പോൾ പരിശോധന നടത്തുന്നത്. മുമ്പൊക്കെ മോട്ടോർ വാഹനവകുപ്പിന്റെ പരിശോധന നടന്നിരുന്നു. ഇപ്പോൾ ഈ വാഹനം എം.സി.റോഡിൽ കാണാനേയില്ലാത്ത അവസ്ഥയാണെന്ന് നാട്ടുകാർ പറയുന്നു.

ലക്ഷ്യം മാതൃകാ റോഡ്

എം.സി.റോഡിൽ നടക്കുന്ന വാഹനാപകടങ്ങളും അതുമൂലമുണ്ടാകുന്ന മരണനിരക്കും കുറച്ച് മാതൃകാപാതയായി മാറ്റുകയായിരുന്നു സുരക്ഷാ ഇടനാഴി പദ്ധതിയുടെ പ്രധാന ലക്ഷ്യം. ഇതിനായി അമിതവേഗം, മദ്യപിച്ച് വാഹനമോടിക്കൽ, അലക്ഷ്യവും അപകടകരവുമായ ഓവർടേക്കിങ്, റേസിങ്, സിഗ്നൽ ലംഘനം, സുരക്ഷാമാനദണ്ഡങ്ങൾ പാലിക്കാതെയുള്ള ഡ്രൈവിങ്, ഗതാഗത തടസ്സമുണ്ടാക്കുന്ന തരത്തിലുള്ള പാർക്കിങ് തുടങ്ങിയ നിയമലംഘനങ്ങൾ നടത്തുന്നവർക്കെതിരേ പോലീസ് കർശനനടപടി സ്വീകരിക്കുമെന്നാണ് പറഞ്ഞിരുന്നത്.

സംസ്ഥാനപാതയിൽ വാഹനാപകടങ്ങളും മരണവും വർധിക്കുന്നത് സംബന്ധിച്ച് ട്രാൻസ്പോർട്ട് റിസർച്ച് ലബോറട്ടറി (ടി.ആർ.എൽ.) നടത്തിയ പഠനത്തിൽ റോഡരികിലെ പോലീസ് സാന്നിധ്യം അപകടങ്ങൾ കുറയ്ക്കാൻ സഹായിക്കുമെന്ന് കണ്ടെത്തിയിരുന്നു. ഇതിന്‍റെയടിസ്ഥാനത്തിലാണ് പോലീസ് സ്റ്റേഷൻതലത്തിൽ വാഹനങ്ങൾ നൽകിയത്. ട്രാൻസ്പോർട്ട് റിസർച്ച് ലബോറട്ടറിയുടെ നേതൃത്വത്തിൽ പ്രത്യേക പരിശീലനം നൽകിയ പോലീസ് ഉദ്യോഗസ്ഥരെയാണ് സംസ്ഥാനപാതയിൽ പോലീസ് വാഹനങ്ങളിൽ ഡ്യൂട്ടിക്കായി നിയോഗിക്കുക എന്നും പറഞ്ഞിരുന്നു. മോട്ടോർവെഹിക്കിൾസ്‌, പൊതുമരാമത്ത് തുടങ്ങിയ വകുപ്പുകളുടെ സഹകരണവും പദ്ധതിക്കുണ്ടെന്നാണ് പറഞ്ഞിരുന്നത്. പക്ഷേ, ഇതൊന്നും നടന്നില്ലെന്നുമാത്രം.