സീതത്തോട് : ശബരിഗിരി പദ്ധതിപ്രദേശത്ത് മഴ കുറഞ്ഞതിനെ തുടർന്ന് പദ്ധതിയുടെ കക്കി- ആനത്തോട് ഡാമിൽനിന്ന് തുറന്നുവിടുന്ന വെള്ളത്തിന്റെ അളവ് കുറച്ചു. ഡാമിന്റെ രണ്ട് ഷട്ടറുകൾ 90 സെന്റീമീറ്റർ ഉയർത്തിയാണ് അധികജലം തുറന്ന് വിട്ടിരുന്നത്.

വ്യാഴാഴ്ച രാവിലെ മുതൽ അത് 60 സെന്റീമീറ്ററായി താഴ്ത്തി. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് സംഭരണിയിലെ ജലനിരപ്പിൽ ഒരുശതമാനത്തിന്റെ കുറവ് രേഖപ്പെടുത്തി. 91 ശതമാനം വെള്ളമാണിപ്പോൾ സംഭരണികളിൽ ശേഷിക്കുന്നത്. അതേസമയം നീരൊഴുക്കിൽ വലിയകുറവ് രേഖപ്പെടുത്തിയിട്ടുമില്ല. വ്യാഴാഴ്ച പകലും പദ്ധതി പ്രദേശത്ത് മഴ കുറവായിരുന്നു. എന്നാൽ രണ്ട് ഡാമുകളിലും റെഡ് അലർട്ടിൽ മാറ്റം വരുത്തിയിട്ടില്ല. നീരൊഴുക്ക് ശക്തമായതിനാൽ ഏതാനും ദിവസംകൂടി അധികജലം തുറന്നുവിടേണ്ടതായി വരും.

അതേസമയം പമ്പാ ഡാമിന്റെ രണ്ട് ഷട്ടറുകളിൽനിന്ന് വെള്ളം തുറന്നുവിടുന്നതിൽ മാറ്റമൊന്നും വരുത്തിയിട്ടില്ല. പ്രധാന സംഭരണിയായ കക്കിയിൽ 979.52 മീറ്റർ വെള്ളമാണ് നിലവിലുള്ളത്. ഇത് സംഭരണശേഷിയുടെ 92.21 ശതമാനമാണ്. പമ്പാ ഡാമിൽ നിലവിൽ 982.90 മീറ്റർ വെള്ളമുണ്ട്. ഇവിടെ രണ്ട് ഷട്ടറുകൾ തുറന്ന് 15.95 ക്യുമിക്‌സ് വെള്ളമാണിപ്പോൾ തുറന്ന് വിട്ടുകൊണ്ടിരിക്കുന്നത്. കഴിഞ്ഞദിവസം പദ്ധതി സംഭരണികളിലേക്ക് 20.392 മില്യൺ യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള വെള്ളം ഒഴുകിയെത്തി. കഴിഞ്ഞ കുറെ ദിവസങ്ങളായി പദ്ധതി സംഭരണികളിലേക്ക് 20 മില്യൺ യൂണിറ്റിന് മുകളിൽ വൈദ്യുതി ഉത്‌പാദിപ്പിക്കാനുള്ള വെള്ളം ഒഴുകിയെത്തുന്നുണ്ട്. കഴിഞ്ഞദിവസം പദ്ധതിയുടെ മൂഴിയാർ വൈദ്യുതി നിലയത്തിൽനിന്നും 5.3875 മില്യൺ യൂണിറ്റ് വൈദ്യുതി ഉത്‌പാദിപ്പിച്ചു.

പമ്പാ നദിയിലും ജലനിരപ്പ് വലിയതോതിൽ കുറഞ്ഞിട്ടുണ്ട്. അതുകൊണ്ടുതന്നെ കക്കി- ആനത്തോട്, പമ്പാ ഡാമുകളിൽനിന്ന് തുറന്നുവിടുന്ന വെള്ളം പമ്പാനദിയിൽ കാര്യമായ ജലനിരപ്പ് ഉയർത്തുന്നില്ല. മൂഴിയാർ ഡാമിൽനിന്ന് ഇപ്പോഴും അധികജലം തുറന്ന് വിടുകയാണ്. രണ്ട് ഷട്ടറുകൾ ഉയർത്തി 0.69 ക്യുമിക്‌സ് വെള്ളം തുറന്നുവിടുന്നുണ്ട്.