കുടുംബങ്ങൾ ബന്ധുവീടുകളിലേക്ക് മാറി

പന്തളം : ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ വിദഗ്‌ധസമിതിയും ചേർന്ന് നടത്തിയ പഠനത്തിൽ ഉരുൾപൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യതയുള്ളതായി കണ്ടെത്തിയ കുരമ്പാല ആതിരമലയിലെ ജനങ്ങൾ ബുധനാഴ്ച രാത്രിതന്നെ വീടുകളിൽനിന്ന് മാറിത്തുടങ്ങി. ക്യാമ്പുകൾ സജ്ജീകരിക്കാൻ എല്ലാ നടപടികളും പൂർത്തിയായെങ്കിലും വീടുവിട്ടവർ ബന്ധുവീടുകളിലേക്കാണ് പോയിട്ടുള്ളത്. നാല്പതിലധികം കുടുംബങ്ങൾ ബുധൻ, വ്യാഴം ദിവസങ്ങളിലായി മാറിയിട്ടുണ്ടെന്ന് നഗരസഭാ കൗൺസിലർ രാജേഷ് കുമാർ പറഞ്ഞു.

ജില്ലയിലെ 44 കേന്ദ്രങ്ങൾക്കൊപ്പം ആതിരമലയിലും മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ സാധ്യതയുണ്ടെന്ന് കണ്ടെത്തിയത് പ്രകാരമാണ് ഇവിടെയും പരിസര പ്രദേശങ്ങളിലുമുള്ളവരെ മാറ്റിപ്പാർപ്പിക്കണമെന്ന് ജില്ലാ കളക്ടർ നിർദേശം നൽകിയിട്ടുള്ളത്. നഗരസഭയിലെ 15, 16, 17 വാർഡുകളിലെ 720 കുടുംബങ്ങളെ മാറ്റാനാണ് നിർദേശം. ജിയോളജിക്കൽ സർവേ നടത്തിയ പഠന റിപ്പോർട്ടനുസരിച്ച് പരിശോധന നടത്തിയപ്പോൾ ആതിരമലയുടെ ഉയരം കൂടിയ പ്രദേശമല്ല കണ്ടത്. താഴെയുള്ള ആലുവിള ഭാഗത്താണ് അപകടസാധ്യതയുള്ളതായി പറയുന്നത്. മണ്ണെടുപ്പ് കൂടുതൽ നടന്ന പ്രദേശംകൂടിയാണിത്.

എന്നാൽ, സ്ഥലം കൃത്യമായി അറിയാത്തതിനാൽ മാറിയവരിലധികവും ഏറ്റവും ഉയരമുള്ള മലയുടെ താഴെ താമസിക്കുന്നവരാണ്.

ബുധനാഴ്ച വൈകീട്ട് നടന്ന ജാഗ്രതാ സമിതിയുടെ തീരുമാനപ്രകാരം കൗൺസിലർമാരായ രാജേഷ് കുമാർ, പി.ജി.അജിതകുമാരി, ലസിതാ നായർ, തഹസിൽദാർ ജോൺ സാം, വില്ലേജോഫീസർ സന്തോഷ്‌കുമാർ എന്നിവർ വ്യാഴാഴ്ച രാവിലെ അപകടസാധ്യതയുള്ള പ്രദേശങ്ങൾ സന്ദർശിച്ചു. നാട്ടുകാരും കൗൺസിലർമാരും ജനങ്ങളെ കാര്യം പറഞ്ഞ് മനസ്സിലാക്കുന്നുമുണ്ട്.

ജനങ്ങൾ ഭയക്കേണ്ടതില്ല-ചിറ്റയം ഗോപകുമാർ

ആതിരമലയുടെ പ്രശ്നത്തിൽ ജനങ്ങൾ ജാഗ്രത പാലിക്കുക മാത്രമാണ് വേണ്ടതെന്നും ഭയക്കേണ്ട ആവശ്യമില്ലെന്നും ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ പറഞ്ഞു. ആളുകളെ മാറ്റി താമസിപ്പിക്കുന്നതിന് വാഹനം, താമസസ്ഥലം എന്നിവയുൾപ്പെടെയുള്ള കാര്യങ്ങൾ സജ്ജീകരിച്ചിട്ടുണ്ട്. റവന്യൂ വകുപ്പധികാരികൾ എപ്പോഴും സ്ഥലം വീക്ഷിക്കുന്നുമുണ്ട്.