തിരുവല്ല : തിരുവല്ല-മല്ലപ്പള്ളി റോഡിൽ ടാറിങ് പൊളിഞ്ഞുണ്ടായ വൻകുഴികൾ അപകടക്കെണി. തിരുവല്ല മുതൽ കുന്നന്താനം പാമലവരെ ആറ് കിലോമീറ്ററോളം ദൂരത്താണിത്.

ദീപാ ജങ്ഷന്‌ സമീപം തുടങ്ങുന്ന പാതയുടെ തകർച്ചയിൽ അപകടകരമായത്‌ കുറ്റപ്പുഴ, പായിപ്പാട് ഭാഗങ്ങളിലാണ്. കുറ്റപ്പുഴ മാർത്തോമ്മാ റസിഡൻഷ്യൽ സ്‌കൂളിന് മുൻപിൽ ഒന്നിനുപിറകേ ഒന്നായി ചെറുതും വലതുമായ കുഴികൾ ഇരുചക്രവാഹന യാത്രക്കരെ വീഴിക്കുന്നു.

ഇതേ അവസ്ഥയാണ് പായിപ്പാട് ചന്തയ്ക്ക് സമീപവും. ഇവിടെ മരങ്ങളിൽനിന്ന് വെള്ളംവീണ് പതിവായി ടാറിങ് തകരുമായിരുന്നു. ഇതുകാരണം രണ്ടിടത്തെ 200 മീറ്ററോളം ദൂരം പൂട്ടുകട്ട പാകിയിരുന്നു. എന്നാൽ, ഇവയ്ക്കിടയിൽ കിടക്കുന്ന പാതയുടെ ടാറിങ് ഇപ്പോൾ പൊളിഞ്ഞു. പാമല കീഴടി കൊടുംവളവിൽ വൻകുഴികൾ അടുത്തുവരുമ്പോഴേ കാണാൻ കഴിയൂ.