പത്തനംതിട്ട : സ്ത്രീധനമെന്ന ദുരാചാരം അവസാനിപ്പിക്കേണ്ട സമയം അതിക്രമിച്ചുകഴിഞ്ഞെന്ന് മന്ത്രി വീണാ ജോർജ്. സ്ത്രീധന-ഗാർഹിക പീഡനങ്ങൾ ഇല്ലാതാക്കുകയെന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ ആവിഷ്‌കരിച്ച അപരാജിതയുടെ ഭാഗമായ ‘സേ നോ ടു ഡൗറി’ ബോധവത്കരണ പരിപാടികളുടെ ജില്ലാതല ഉദ്ഘാടനം ജില്ലാ പോലീസ് കാര്യാലയത്തിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

ആധുനിക കാലഘട്ടത്തിലും സ്ത്രീധന പീഡനങ്ങൾ നമ്മുടെ സമൂഹത്തിലുണ്ടാകുന്നത് ലജ്ജാവഹമാണ്. സ്ത്രീധനനിരോധന നിയമം നിലവിലുണ്ടെങ്കിലും ഇൗ നിയമത്തിന്റെ ആനുകൂല്യങ്ങൾ നേടിയെടുക്കാൻ ആരും ശ്രമിക്കുന്നില്ല. ഇതിന് മാറ്റമുണ്ടായേ തീരൂ എന്നും മന്ത്രി പറഞ്ഞു. ജില്ലാ പോലീസിന്റെ നേതൃത്വത്തിൽ തയാറാക്കിയ ‘സേ നോ ടു ഡൗറി’ പോസ്റ്ററിന്റെ പ്രകാശനവും മന്ത്രി നിർവഹിച്ചു. സ്ത്രീധനത്തിനെതിരായ പ്രതിജ്ഞ ജില്ലാ കളക്ടർ ഡോ. ദിവ്യ എസ്.അയ്യർ ചൊല്ലിക്കൊടുത്തു. അപരാജിതയുടെ നോഡൽ ഓഫീസറും ജില്ലാ പോലീസ് മേധാവിയുമായ ആർ.നിശാന്തിനി അധ്യക്ഷത വഹിച്ചു. ബോധവത്കരണ വീഡിയോയുടെ പ്രകാശനം ജില്ലാ അഡിഷണൽ പോലീസ് സുപ്രണ്ട് എൻ.രാജൻ നിർവഹിച്ചു. ജില്ലാ പോലീസ് ഫോട്ടോഗ്രാഫർ ജി.ജയദേവ കുമാറാണ് ബോധവത്കരണ വീഡിയോ തയാറാക്കിയത്.

ബോധവത്കരണ ആൽബത്തിന്റെ പ്രദർശവും നടന്നു. കന്റോൺമെന്റ് എസ്‌.ഐ. സി.മധുവിന്റെ നേതൃത്വത്തിലാണ് ആൽബം തയാറാക്കിയത്.

‘സേ നോ ടു ഡൗറി’ എന്നെഴുതിയ വർണ ബലൂണുകൾ മന്ത്രി വീണാ ജോർജ്, ജില്ലാ കളക്ടർ ഡോ. ദിവ്യ എസ്.അയ്യർ, ജില്ലാ പോലീസ് മേധാവി ആർ.നിശാന്തിനി എന്നിവർ ചേർന്ന് പറത്തി. ജില്ലാ സ്‌പെഷ്യൽ ബ്രാഞ്ച് ഡിവൈ.എസ്.പി. ആർ.സുധാകരൻ പിള്ള, ഡി.സി.ആർ.ബി. ഡിവൈ.എസ്.പി. എ.സന്തോഷ് കുമാർ, പത്തനംതിട്ട ഡിവൈ.എസ്.പി. കെ.സജീവ്, അടൂർ ഡി.വൈ.എസ്.പി. ആർ.ബിനു, ജില്ലാ സി.ബ്രാഞ്ച് ഡിവൈ.എസ്.പി. വി.ജെ.ജോഫി, വനിതാ പോലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ എ.ആർ. ലീലാമ്മ തുടങ്ങിയവർ പങ്കെടുത്തു.