മല്ലപ്പള്ളി : കെ.എസ്.ആർ.ടി.സി. മല്ലപ്പള്ളി ഡിപ്പോയിൽനിന്നു ബസുകൾ മാറ്റാനുള്ള നീക്കത്തിൽ പ്രതിഷേധിച്ച് ബുധനാഴ്ച സമരപരമ്പരകൾ നടന്നു. കോൺഗ്രസ് മണ്ഡലം കമ്മിറ്റി, കേരള കോൺഗ്രസ് ജോസഫ് വിഭാഗം, ബി.ജെ.പി.എന്നിവയുടെ നേതൃത്വത്തിൽ ധർണകൾ നടന്നു.

പിണറായി രണ്ടാംവട്ടം അധികാരത്തിലെത്തിയത് മുതൽ മല്ലപ്പള്ളി താലൂക്കിനോട് അവഗണനയെന്ന് കോൺഗ്രസ് മണ്ഡലം കമ്മിറ്റി ആരോപിച്ചു. നേരത്തെ 14 ഓർഡിനറി ബസുകൾ ഇവിടെനിന്ന് കൊണ്ടുപോയി. ഇപ്പോൾ നാല് ഫാസ്റ്റുകളും നീക്കുന്നു. ഇതിൽ പ്രതിഷേധിച്ച് ഡിപ്പോയിൽ നടത്തിയ ധർണ ഡി.സി.സി. അംഗം ഉണ്ണികൃഷ്ണൻ നടുവിലേമുറി ഉദ്‌ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ടി.പി.ഗിരീഷ് കുമാർ അധ്യക്ഷത വഹിച്ചു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻറ് ഗീത കുര്യാക്കോസ്, കീഴ്വായ്പൂര് ശിവരാജൻ, കെ.ജി.സാബു, എം.കെ.സുഭാഷ് കുമാർ, സുനിൽ നിരവ്പുലം, സിന്ധു സുഭാഷ്, റജി പമ്പഴ തുടങ്ങിയവർ പ്രസംഗിച്ചു.

കെ.എസ്.ആർ.ടി.സി. ഡിപ്പോയിൽനിന്നു ഫാസ്റ്റ് പാസഞ്ചർ ബസുകൾ മാറ്റാനുള്ള സർക്കാർ തീരുമാനം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി. പഞ്ചായത്തു കമ്മിറ്റി പ്രതിഷേധ സമരം നടത്തി. മല്ലപ്പള്ളി കെ.എസ്.ആർ.ടി.സി. ഡിപ്പോയെ തകർക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണ്‌ ഇപ്പോഴത്തെ നീക്കമെന്നും ഇതിന്‌ സ്ഥലം എം.എൽ.എ. കൂട്ടുനിൽക്കുകയാണെന്നും ഉദ്‌ഘാടനം ചെയ്ത തിരുവല്ല നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് പ്രകാശ്കുമാർ വടക്കേമുറി പറഞ്ഞു.

ബി.ജെ.പി. മല്ലപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് കെ.ഡി. വിജയൻകുട്ടി അധ്യക്ഷത വഹിച്ചു. ജയൻ ചെങ്കല്ലിൽ, ഉണ്ണികൃഷ്ണപിള്ള, ജയൻ ഞാലുമുറിയിൽ, ദിലീപ് ഉത്രം, ഗീതു അനിൽ, സുരേഷ് ബാബു, ഗിരിജാ ദേവി തുടങ്ങിയവർ പ്രസംഗിച്ചു.

കെ.എസ്.ആർ.ടി.സി. മല്ലപ്പള്ളി സബ് ഡിപ്പോ നാഥനില്ലാകളരിയായി മാറിയെന്നും ഉത്തരവാദിത്തപ്പെട്ടവർ ആരും ഇല്ലാത്ത അവസ്ഥയാണെന്നും കേരള കോൺഗ്രസ് ഉന്നതാധികാര സമിതി അംഗം കുഞ്ഞു കോശി പോൾ പറഞ്ഞു. കേരള കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ മാർച്ചും ധർണയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പ്രസിഡന്റ് ടി.എസ്. ചന്ദ്രശേഖരൻ നായർ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി തോമസ് മാത്യു, ലൈല അലക്സാണ്ടർ, സജി ഡേവിഡ്, എസ്. വിദ്യാമോൾ, രാജൻ എണാട്ട്, ജോൺസൺ കുര്യൻ, ലാലു തോമസ് എന്നിവർ പ്രസംഗിച്ചു.