മണ്ണടി : മൃഗാശുപത്രിക്കുസമീപം വൈദ്യുതിക്കമ്പിയിൽ തട്ടി പക്ഷികൾ ചാകുന്നതു കാരണം നാട്ടുകാർ ദുരിതത്തിൽ. ചാകുന്ന പക്ഷികൾ വൈദ്യുതിക്കമ്പിയിൽ കിടന്ന് അഴുകി രൂക്ഷമായ ദുർഗന്ധമാണ് പ്രദേശം മുഴുവൻ. കഴിഞ്ഞ ദിവസം മൂന്നു കാക്കകൾ ചത്ത് വൈദ്യുതിക്കമ്പിയിൽ കിടന്നിരുന്നു.

കഴിഞ്ഞ കുറച്ചു മാസങ്ങളായി ഇതാണ് അവസ്ഥ. നിരവധി തവണ നാട്ടുകാർ വൈദ്യുതിവകുപ്പ് അധികൃതരെ ഈ ബുദ്ധിമുട്ട് അറിയിച്ചതാണ്. പക്ഷേ നടപടിയൊന്നും ആയില്ലെന്ന് നാട്ടുകാർ പറയുന്നു.

വൈദ്യുതിക്കമ്പികൾ തമ്മിൽ അടുത്തുകിടക്കുന്നതാണ് പ്രശ്നത്തിനു കാരണം. ഇതിന് പരിഹാരമായി കമ്പികൾ നിയന്ത്രിക്കാൻ സാധിക്കുന്ന സ്പേസർ സ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.