പള്ളിക്കൽ : ഒറ്റനോട്ടത്തിൽ ഏതെങ്കിലും പാറമടയിലേക്ക് പോകുന്ന റോഡാണെന്ന് തോന്നും. നിറയെ മെറ്റൽ ഇളകിയും കുണ്ടും കുഴിയും നിറഞ്ഞ അവസ്ഥ. ഇത് ജില്ലയിലെ ഏറ്റവും കൂടുതൽ ആളുകൾ താമസിക്കുന്ന പള്ളിക്കലിലേക്കുള്ള പ്രധാന റോഡിന്റെ അവസ്ഥയാണ്.

രണ്ട് വർഷം മുൻപാണ്‌ ആധുനിക നിലവാരത്തിൽ ആനയടി-കൂടൽ റോഡ് പ്രവൃത്തി ആരംഭിച്ചത്. 35.109 കി.മീറ്റർ ദൂരത്തിൽ 109 കോടി ചെലവിട്ടാണ് നിർമാണം. ഇതിൽ പഴകുളം മുതൽ വി.എം.സി. ജങ്ഷൻ വരെയുള്ള ഭാഗത്താണ് പ്രശ്നം. റോഡിന്റെ പലഭാഗത്തും വീതികൂട്ടി കഴിഞ്ഞെങ്കിലും ടാറിങ് ഒന്നുമായില്ല.

വൈദ്യുതിത്തൂണുകൾ മാറ്റി സ്ഥാപിക്കുന്നതിനും പൈപ്പുകൾ സ്ഥാപിക്കുന്നതിനുമുള്ള നടപടിയാകാത്തതാണ് ടാറിങ് വൈകിയതിന് കാരണമായി അധികൃതർ പറഞ്ഞിരുന്നത്. ഇതിൽ വൈദ്യുതിത്തൂണുകൾ മാസങ്ങൾക്ക് മുൻപ് മാറ്റി. നിലവിൽ പൈപ്പുകൾ സ്ഥാപിക്കുന്നതിന് 13 കോടി രൂപ എസ്റ്റിമേറ്റ് തുക അനുവദിച്ചതായി പറയുന്നുണ്ടെങ്കിലും തുടർനടപടിയും ആയില്ല.

അറിയണം അഭ്യാസവും

പഴകുളം-പള്ളിക്കൽ റോഡുവഴി പോകാൻ അൽപം അഭ്യാസമുറകൾ പഠിക്കണമെന്ന് ആളുകൾ തമാശയ്ക്കാണെങ്കിലും പറയും. അതുവഴി യാത്ര ചെയ്താൽ അറിയാം ശരിക്കുമുള്ള പ്രയാസം. മെറ്റിലിളകിയ റോഡിലൂടെ യാത്ര ചെയ്യാൻ എറ്റവും പ്രയാസം ഇരുചക്രവാഹനത്തിലാണ്. പലപ്പോഴും നിയന്ത്രണംതെറ്റി വാഹനങ്ങൾ മറിയുന്നുണ്ടെന്ന് നാട്ടുകാർ പറയുന്നു. മഴ പെയ്തതു കാരണം അടുത്തിടെ ആലുംമൂട് ജങ്ഷൻ ഭാഗത്ത് വളവിൽ മെറ്റൽ ഒലിച്ചുപോയി റോഡിനു കുറുകെ പലയിടത്തും കുഴികൾ രൂപപ്പെട്ടു. ഈ കുഴിയിൽ വീണ് മൂന്ന് ഇരുചക്രവാഹനങ്ങൾ മറിയുകയും യാത്രക്കാർക്ക് പരിക്കേൽക്കുകയും ചെയ്തതായി സമീപവാസികൾ പറഞ്ഞു.