കൊടുമൺ : ന്യായവില ലഭിക്കാതെ നട്ടം തിരിയുന്ന കപ്പ കർഷകർക്ക് കൈത്താങ്ങായി കൊടുമൺ ഇക്കോ ഷോപ്പ്. 16 പച്ചക്കറികൾക്ക് അടിസ്ഥാനവില നൽകുന്ന സർക്കാരിന്റെ പദ്ധതിയിൽപെടുത്തിയാണ് കർഷകരിൽനിന്ന് കപ്പ ശേഖരിക്കുന്നത്. ഒരുമാസം കൊണ്ട് 13 ടൺ കപ്പയാണ് ശേഖരിച്ച് വിറ്റഴിച്ചത്.

കിലോഗ്രാമിന് ആറ് രൂപ വെച്ചാണ് ഇക്കോ ഷോപ്പ് നൽകുക. ഒരുരൂപ ഗതാഗത ചെലവും നൽകും. ഇക്കോ ഷോപ്പിൽ കപ്പ വിൽക്കുന്ന കർഷകരുടെ പേര് കൃഷിഭവന് കൈമാറും. കിലോഗ്രാമിന് ആറ് രൂപ വെച്ച് കൃഷി വകുപ്പിൽ നിന്ന് കർഷകർക്ക് നൽകും. അങ്ങനെ കിലോഗ്രാമിന് 13 രൂപ വെച്ച് കർഷകന് ലഭിക്കും. ഇക്കോ ഷോപ്പിൽ ശേഖരിക്കുന്ന കപ്പ 10 രൂപയ്ക്കാണ് വിൽക്കുന്നത്. പൊതു കമ്പോളത്തിൽ 30 രൂപ വരെ വിലയുള്ള കപ്പ പത്തുരൂപയ്ക്ക് നൽകുന്നതിനാൽ ഉപയോക്താക്കൾക്കും വലിയ ലാഭമാണ്. ഇവിടെ ഓരോ ദിവസവും കർഷകർ കൊണ്ടുവരുന്ന കപ്പ അന്നന്ന് വിറ്റുപോകുന്നുണ്ട്.

ജില്ലയിൽ ഹോർട്ടികോർപ്പ് കഴിഞ്ഞാൽ കപ്പ ശേഖരിക്കുവാൻ അനുമതി നൽകിയിരിക്കുന്നത് കൊടുമൺ ഫാർമേഴ്സ് സൊസൈറ്റിയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ഇക്കോ ഷോപ്പിന് മാത്രമാണ്. ഇക്കോ ഷോപ്പിൽ കപ്പ സംഭരിക്കുന്നത് കൊടുമണ്ണിലേയും സമീപപ്രദേശങ്ങളിലേയും കർഷകർക്ക് വലിയ ആശ്വാസമായിട്ടുണ്ട്. ഹോർട്ടികോർപ്പ് ശേഖരിക്കുന്ന കപ്പ വാട്ടി ഉണക്കി കിറ്റുകളിൽ നൽകാനാണ് തീരുമാനം. സൊസൈറ്റി പ്രസിഡന്റ് എ.എൻ.സലീം, ഷോപ്പ് മാനേജർ പി.കെ.അശോകൻ, കൊടുമൺ കൃഷി ഓഫീസർ എസ്.ആദില എന്നിവരാണ് കപ്പ സംഭരണത്തിന് നേതൃത്വം നൽകുന്നത്. കപ്പ കർഷകർക്ക് ആഹ്ലാദം