പന്തളം : സിമന്റ് ഇളകി കമ്പി തെളിഞ്ഞിരിക്കുന്ന കനാൽപ്പാലത്തിനു താഴെക്കൂടി കടന്നുപോകുന്നവരിലധികവും സ്ത്രീകളും കുട്ടികളും ഇരുചക്രവാഹനയാത്രക്കാരുമാണ്. താഴെ തോട്ടിലെ വെള്ളത്തിൽ വാഹനം കഴുകുന്നവരും തുണി നനയ്ക്കുന്നവരുമുണ്ട്. ഏതുനിമിഷവും നിലംപൊത്താവുന്ന രീതിയിൽ നിൽക്കുന്ന കനാൽപ്പാലത്തിന്റെ അപകടാവസ്ഥ അധികാരികളാരും കണ്ട മട്ടില്ല.

മുട്ടാർ, മങ്ങാരം ഭാഗത്തുനിന്നും ചേരിക്കൽ ഭാഗത്തേക്കുപോകുന്ന എളുപ്പ വഴിക്ക് മുകളിലൂടെയാണ് കല്ലട ജലസേചനപദ്ധതിയുടെ കനാൽപാലം കടന്നുപോകുന്നത്.

കനാൽ പണിതശേഷം പുനരുദ്ധാരണം നടക്കാത്തതിനാൽ ഓടയുടെയും കനാൽപാലത്തിന്റെയും സിമന്റ്‌ മുഴുവൻ ഇളകിപ്പോയി.

കമ്പി തെളിഞ്ഞിരിക്കുകയാണ്. മഴക്കാലത്ത് താഴെയുള്ള തോട്ടിലൂടെ വെള്ളം കുത്തിയൊഴുകുന്നത് ബലക്ഷയമായ തൂണുകൾ നിലംപൊത്താൻ കാരണമാകും.