പത്തനംതിട്ട : പ്രളയദുരിതത്തിൽപ്പെട്ടവരെ ഇതുവരെ തിരിഞ്ഞുനോക്കാത്ത മുഖ്യമന്ത്രി ഇനി അവരെ കാണാൻ പോകേണ്ടതില്ലെന്ന് ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. പത്തനംതിട്ട ജില്ലയിലെ പ്രളയബാധിത പ്രദേശങ്ങൾ സന്ദർശിച്ച ശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ദുരന്തമുഖത്തെത്തി കഷ്ടതകൾ നേരിൽകാണാനുള്ള മനസ്സ് നഷ്ടപ്പെട്ടവർ ദിവസങ്ങൾ കഴിഞ്ഞ് വലിയ സന്നാഹവുമായെത്തുന്നതിൽ അർത്ഥമില്ല. പ്രളയ പ്രദേശത്ത് മന്ത്രിമാരോ സർക്കാരിന്റെ പ്രതിനിധികളോ തിരിഞ്ഞുനോക്കുന്നില്ല. ഉടുതുണിയ്ക്ക് മറുതുണിയില്ലാതെ പലരും ദുരിതം അനുഭവിക്കുകയാണ്. സന്നദ്ധ സംഘടനകൾ മാത്രമാണ് ദുരിതബാധിതർക്ക് സഹായവുമായി ഇപ്പോഴുള്ളത്. ദുരിതാശ്വാസ ക്യാമ്പുകളിൽ കൊവിഡ് ടെസ്റ്റുകൾ സർക്കാർ നടത്തുന്നില്ല. ആരോഗ്യവകുപ്പിന്റെ ഉദ്യോഗസ്ഥർ പോലും ഇവിടേയ്ക്ക് തിരിഞ്ഞു നോക്കുന്നില്ലെന്നും സുരേന്ദ്രൻ പറഞ്ഞു. ജില്ലാ പ്രസിഡന്റ് വി.എ സൂരജ് ഉൾപ്പെടെയുള്ളവർ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.