മല്ലപ്പള്ളി : മല്ലപ്പള്ളി താലൂക്കിലെ പൊതുവിതരണ കേന്ദ്രങ്ങളിൽ സംഭരിച്ചിരുന്ന 5,17,500 രൂപയുടെ ഭക്ഷ്യധാന്യം വെള്ളപ്പൊക്കത്തിൽ നശിച്ചു. നൗഷാദ് നടത്തുന്ന നമ്പർ 19 കോട്ടാങ്ങൽ റേഷൻ കടയിൽ 83.5 ക്വിന്റൽ അരിയും 11 ക്വിന്റൽ ഗോതമ്പും ഏഴ് ക്വിന്റൽ ആട്ടയും 73 കിലോഗ്രാം പഞ്ചസാരയും ചീത്തയായി. പകുതിയോളം സാധനങ്ങൾ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയെങ്കിലും ബാക്കി വെള്ളം കയറി നഷ്ടപ്പെടുകയായിരുന്നു. ഇതിന് പൊതു വിപണിയിൽ 3,93,250 രൂപ വിലവരുമെന്ന് താലൂക്ക് സപ്ലൈ ഓഫീസർ ആർ.അഭിമന്യു പറഞ്ഞു. വായ്പൂര് വൈക്കത്ത് കവലയിലെ കെ.കെ.ശ്രീകുമാറിന്റെ ഉടമസ്ഥതയിലുള്ള നമ്പർ 14 കടയിൽ 1,24,250 രൂപ വില വരുന്ന 30 ക്വിന്റൽ അരിയും ഒന്നര ക്വിന്റൽ ഗോതമ്പുമാണ് ഉപയോഗശൂന്യമായത്. കടയുടെ എതിർവശത്തെ കെട്ടിടത്തിലേക്ക് മാറ്റിയെങ്കിലും അവിടെയും വെള്ളം കയറിയതിനാൽ പ്രയോജനമുണ്ടായില്ല.