റാന്നി : മകരസംക്രമസന്ധ്യയിൽ ശബരിമല അയ്യപ്പന് ചാർത്തിയ തിരുവാഭരണങ്ങൾ വ്യാഴാഴ്ച പെരുനാട് കക്കാട്ടുകോയിക്കൽ ധർമശാസ്താക്ഷേത്രത്തിലെ അയ്യപ്പവിഗ്രഹത്തിൽ അണിയിക്കും. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് തിരുവാഭരണം ചാർത്ത് ഉത്സവം നടത്തുന്നത്.
പതിവിൽനിന്ന് വ്യത്യസ്തമായി ഇക്കുറി വൈകീട്ട് അഞ്ചിനായിരിക്കും തിരുവാഭരണം ചാർത്തുന്നത്. 5.30മുതൽ രാത്രി 8.30വരെ ഭക്തജനങ്ങൾക്ക് നാലമ്പലത്തിന് പുറത്തുനിന്ന് ദർശനം നടത്താം. 10-ന് താഴെയും 60-ന് മുകളിലും പ്രായമുള്ളവർക്ക് ഇക്കുറി ദർശനത്തിന് അനുവാദമില്ല.
ശബരിമലയിൽനിന്ന് പന്തളത്തേക്കുള്ള മടക്കയാത്രയിലാണ് പേടകങ്ങളിലുള്ള തിരുവാഭരണങ്ങൾ പെരുനാട് ക്ഷേത്രത്തിലെ അയ്യപ്പവിഗ്രഹത്തിൽ ചാർത്തുന്നത്. ബുധനാഴ്ച ശബരിമലയിൽനിന്ന് പുറപ്പെട്ട തിരുവാഭരണ ഘോഷയാത്രാസംഘം ളാഹ സത്രത്തിൽ വിശ്രമിച്ചു. അവിടെനിന്ന് പുലർച്ചെ പുറപ്പെടുന്ന സംഘത്തെ മഠത്തുംമൂഴി സ്രാമ്പിക്കലിൽനിന്ന് കക്കാട്ടുകോയിക്കൽ ക്ഷേത്രോപദേശക സമിതിയുടെ നേതൃത്വത്തിൽ ക്ഷേത്രത്തിലേക്ക് സ്വീകരിക്കും. ക്ഷേത്രത്തിൽ രാവിലെ അഞ്ചുമുതൽ പകൽ എട്ടുവരെ നെയ്യഭിഷേകം നടത്താൻ സൗകര്യമുണ്ട്. വൈകീട്ട് 5.30-ന് കൂടക്കാവിലേക്ക് ആചാരപ്രകാരം എഴുന്നള്ളത്ത് ഉണ്ടായിരിക്കും.