കടമ്മനിട്ട : പച്ചത്തപ്പിലുണർന്ന് കാച്ചിയതപ്പിൽ താളം മുറുകിയ കടമ്മനിട്ടക്കാവിൽ വലിയ പടയണിയുടെ വലിയകാഴ്ച. ബുധനാഴ്ച രാ ത്രി ഭഗവതി ക്ഷേത്രത്തിലെ കളത്തിൽ കോലങ്ങൾ ഒാരോന്നായി തുള്ളിയൊഴിയുമ്പോൾ പക്ഷേ തൊഴുകൈകളുമായി കാണാൻ ഭക്തരുണ്ടാകില്ല.

കോവിഡ് നിയന്ത്രണങ്ങൾ പൂർണമായി പാലിക്കുന്നതിനാൽ പടയണി കലാകാരന്മാർക്കും ക്ഷേത്രം ഭാരവാഹികൾക്കും മാത്രമാകും മതിലകത്ത് പ്രവേശനം. രാത്രി കർഫ്യൂ നിലവിലുള്ളതിനാൽ പുറത്തുനിന്ന് പടയണി കാണാനുള്ള പോലീസ് അനുമതിയും ഉണ്ടാകില്ല.

പടയണിയുടെ ആചാരപരമായ ചടങ്ങുകളെല്ലാം നടക്കും. കോലങ്ങളെല്ലാം കളത്തിൽ ഇറങ്ങും. തപ്പുമേളത്തിന് ശേഷം കാപ്പൊലി, വെളിച്ചപ്പാട്, താവാടി, പുലവൃത്തം, പരദേശി, കുറത്തി, ഗണപതി, മറുത, അരക്കിയക്ഷി, കാലൻ, മായയക്ഷി, പക്ഷി, മാടൻ, അന്തര, സുന്ദരയക്ഷി, ഭൈരവി, കാഞ്ഞിരമാല എന്നീ കോലങ്ങൾക്കു ശേഷം പൂപ്പട തുള്ളൽ, കരവഞ്ചി, തട്ടിന്മേൽ കളിയുൾപ്പെടെ ചടങ്ങുകൾ നടക്കും.ക്ഷേത്രപരിസരത്ത് പൂർണമായും കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാനാണ് കടമ്മനിട്ട ഭഗവതി ക്ഷേത്ര ദേവസ്വം കമ്മിറ്റിയുടേയും കടമ്മനിട്ട ഗോത്രകലാകളരിയുടേയും തീരുമാനം.

ഭക്തരെല്ലാം രാത്രിച്ചടങ്ങുകളിൽനിന്ന് വിട്ടു നിൽക്കണമെന്ന് വെളിച്ചപ്പാട്

പടയണി ആചാരപൂർവം നടക്കട്ടെയെന്നും ഭക്തരെല്ലാം രാത്രിച്ചടങ്ങുകളിൽനിന്ന് വിട്ടു നിൽക്കണമെന്നും വെളിച്ചപ്പാട്. തിങ്കളാഴ്ചയും ചൊവ്വാഴ്ചയും കടമ്മനിട്ട ക്ഷേത്രത്തിലെ പടയണിക്കളത്തിലിറങ്ങിയ വെളിച്ചപ്പാടാണ് ഭക്തർക്ക് മുന്നിൽ ഇങ്ങനെയൊരു നിർദേശം വെച്ചത്. മഹാരോഗത്തിൽനിന്ന് പെട്ടെന്നൊരു മുക്തിക്കായി പടയണി സമയത്ത് വീട്ടിലിരുന്ന് എല്ലാവരും അമ്മയോട് പ്രാർഥിക്കണം. അമ്മ എല്ലാം അറിയുന്നവളും കാണുന്നവളുമാണ്. ഒാരോ ഭക്തർക്കൊപ്പവും ഭഗവതിയുണ്ടാകുമെന്നും വെളിച്ചപ്പാട് പറഞ്ഞു. കോവിഡ് നിയമങ്ങൾ സൂചിപ്പിച്ച് മാസ്ക് ധരിച്ചാണ് വെളിച്ചപ്പാട് എം.കെ. ബിജു പടയണിക്കളത്തിലെത്തിയത്.