സീതത്തോട് : നിലയ്ക്കൽ കുടിവെള്ള പദ്ധതിയുടെ ഭാഗമായി സീതത്തോട്ടിൽ പണിത ജലശുദ്ധീകരണശാലയിലെ ടാങ്കുകളും പരിസരവും കാടുമൂടുന്നു. ടാങ്കുകളോടുചേർന്ന് വൃക്ഷങ്ങൾ വളരുന്നത് ടാങ്കിന്റെ നിലനിൽപ്പ് അപകടത്തിലാക്കുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

വൃക്ഷങ്ങളുടെ വേരുകൾ ടാങ്കിനുള്ളിലേക്ക് വളർന്ന് കയറിയാൽ ടാങ്കിൽ പെട്ടെന്ന് ചോർച്ചയുണ്ടാക്കുകയും ഇത് ടാങ്കിന്റെ നിലനിൽപ്പ് അപകടത്തിലാക്കുകയും ചെയ്യും. നിലയ്ക്കൽ കുടിവെള്ള പദ്ധതിയുടെ ഭാഗമായുള്ള ജലശുദ്ധീകരണശാലയുടെ പണി ഒരു വർഷം മുമ്പുതന്നെ പൂർത്തിയായിരുന്നു. എന്നാൽ നിലയ്ക്കലിലേക്ക് കുടിവെള്ളം എത്തിക്കുന്നതിനുള്ള പൈപ്പ് ലൈൻ സ്ഥാപിക്കുന്നതുൾപ്പടെയുള്ള പണികൾ ഇപ്പോഴും അനിശ്ചിതത്വത്തിലാണ്. ശുദ്ധീകരണശാലയുടെ പണി പൂർത്തിയാക്കിയ അധികൃതർ പിന്നീട്‌ ഇവിടേക്ക് തിരിഞ്ഞുനോക്കിയിട്ടില്ല. ശാലയുടെ പരിസരം മുഴുവൻ കാടുകയറിക്കഴിഞ്ഞു. ഇതാണ് ടാങ്കുകളുടെ നിലനിൽപ്പും അപകടത്തിലാക്കിയിട്ടുള്ളത്.

ഇപ്പോഴത്തെ സ്ഥിതി തുടർന്നാൽ നിലയ്ക്കലിലേക്കുള്ള പൈപ്പ് ലൈനിന്റെയും മറ്റും പണി പൂർത്തിയാക്കിവരുമ്പോഴേക്കും ശുദ്ധീകരണശാലയിൽ പുതിയ ടാങ്കുകൾ പണിയേണ്ടിവരും. ഇപ്പോൾതന്നെ ടാങ്കുകളുടെ വശങ്ങളിൽ കോൺക്രീറ്റിന് തകരാർ കണ്ടുതുടങ്ങിയിട്ടുണ്ട്. കോടികൾ ചെലവിട്ടാണ് ശുദ്ധീകരണപ്ലാന്റിന്റെ പണി പൂർത്തിയാക്കിയിട്ടുള്ളത്. എന്നാൽ അധികൃതരുടെ അനാസ്ഥയിൽ പ്ലാന്റും അനുബന്ധ സംവിധാനങ്ങളുമെല്ലാം കാടുകയറി നശിക്കുകയാണ്.

കക്കാട്ടാറിൽനിന്ന് വെള്ളം ശേഖരിച്ച് സീതത്തോട്ടിൽ സ്ഥാപിച്ച പ്ലാന്റിൽ ശുദ്ധീകരിച്ച് നിലയ്ക്കലിൽ വെള്ളം എത്തിക്കുന്നതാണ് നിർദിഷ്ട നിലയ്ക്കൽ കുടിവെള്ള പദ്ധതി. സീതത്തോട് പഞ്ചായത്തിലും ഈ പദ്ധതിയിൽനിന്ന് വെള്ളം വിതരണം ചെയ്യാനാണ് പദ്ധതി തയ്യാറാക്കിയിട്ടുള്ളത്. നിലയ്ക്കൽ കുടിവെള്ള പദ്ധതി ശബരിമല തീർഥാടനവുമായി ബന്ധപ്പെട്ട ഏറ്റവും ബൃഹത്തായ പദ്ധതികളിലൊന്നാണ്.