പത്തനംതിട്ട : കോവിഡ് മാനദണ്ഡങ്ങൾ പാലിക്കപ്പെടുന്നുണ്ടോയെന്ന്‌ നിരീക്ഷിക്കാൻ ജില്ലാ പോലീസ് മേധാവി ആർ.നിശാന്തിനി നേരിട്ട്‌ പരിശോധന നടത്തി. പത്തനംതിട്ട പഴയ ബസ്‌സ്റ്റാൻഡ്, മാർക്കറ്റ് തുടങ്ങിയ സ്ഥലങ്ങളിലായിരുന്നു മിന്നൽ പരിശോധന.

കോവിഡ് പ്രതിരോധത്തിൽ വീഴ്ചതടയാൻ നിരീക്ഷണത്തിന് നാനൂറിലധികം പോലീസുകാരെ 92 ടീമുകളായി തിരിച്ച് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ വിന്യസിച്ചിട്ടുണ്ടെന്ന് ജില്ലാ പോലീസ് മേധാവി പറഞ്ഞു.

ജനങ്ങൾ കൃത്യമായി മാസ്‌കുകൾ ധരിക്കുന്നുണ്ടോ സാമൂഹിക അകലം പാലിക്കുന്നുണ്ടോ എന്നൊക്കെ ഉറപ്പുവരുത്താനുള്ള ചുമതലയും ഓരോ സംഘത്തിനും നൽകിയിട്ടുണ്ട്. ഇതിനൊപ്പം മാസ്‌ക് ധരിക്കുന്നതിന്റെയും സാമൂഹിക അകലം പാലിക്കുന്നതിന്റെയും പ്രാധാന്യത്തെക്കുറിച്ച് ജനങ്ങൾക്ക് അവബോധം നൽകുമെന്നും ജില്ലാ പോലീസ് മേധാവി പറഞ്ഞു.

സംസ്ഥാനതല കോവിഡ് പ്രതിരോധ കാമ്പയിന്റെ ഭാഗമായി ജില്ലയിൽ രണ്ടുദിവസത്തെ തീവ്രപരിശോധനയാണ് സംഘടിപ്പിച്ചിട്ടുള്ളത്. കൺടെയ്ൻമെന്റ് സോണുകൾ കേന്ദ്രീകരിച്ച് അനൗൺസ്‌മെന്റ് വാഹനങ്ങളും ക്വാറന്റീനിൽ ഇരിക്കുന്നവർ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ ജനമൈത്രി പോലീസിനെയും നിയോഗിച്ചിട്ടുണ്ട്. കൺടെയ്ൻമെന്റ് സോണുകളിലും ആളുകൾ കൂട്ടംകൂടാൻ സാധ്യതയുള്ള സ്ഥലങ്ങളിലും പരിശോധന കൂടുതൽ ശക്തമാക്കും.

പൊതു ഇടങ്ങളിലും വ്യാപാരസ്ഥാപനങ്ങളിലും വാഹനങ്ങളിലും പരിശോധന നടത്തുകയും കോവിഡ് വ്യാപനത്തിന്റെ തീവ്രതയെപ്പറ്റി ബോധവത്‌കരണം നടത്തുകയും ചെയ്ത എസ്.പി. കോവിഡ് കേസുകൾ കൂടുന്ന സാഹചര്യത്തിൽ ജനങ്ങൾ കൂടുതൽ ജാഗ്രത പുലർത്തണമെന്നും പറഞ്ഞു.

പത്തനംതിട്ട ഡിവൈ.എസ്.പി. എ.പ്രദീപ്കുമാർ, സ്‌പെഷ്യൽ ബ്രാഞ്ച് ഡിവൈ.എസ്.പി. സുൾഫിക്കർ തുടങ്ങിയവർ എസ്.പി.യോടൊപ്പം ഉണ്ടായിരുന്നു.

കർശന നടപടി

കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായുളള നിർദേശങ്ങളും നിയന്ത്രണങ്ങളും ലംഘിക്കുന്നവർക്കെതിരേ ശക്തമായ നിയമനടപടി കൈക്കൊള്ളും. രോഗവ്യാപനം കൂടുന്ന സാഹചര്യത്തിൽ എല്ലാവരും കൂടുതൽ ജാഗ്രത പുലർത്തണം.

ആർ.നിശാന്തിനി,ജില്ലാ പോലീസ് മേധാവി.