കോന്നി താഴം : ഐരവൺ വില്ലേജ് ഓഫീസിൽ സ്ഥലപരിമിതി കാരണം പ്രവർത്തനം ബുദ്ധിമുട്ടിലാകുന്നു. വിസ്തൃതമായ വില്ലേജാണിത്.

നാട്ടുകാർ വാങ്ങി നൽകിയ മൂന്നുസെന്റ് സ്ഥലത്തു നിർമിതികേന്ദ്രമാണ് കെട്ടിടം പണിതത്, പഴയ രീതിയിലുള്ള വില്ലേജ് ഓഫീസിന്റെ നിർമാണമാണ് ഇത്. വില്ലേജ് ഓഫീസർ അടക്കം മൂന്നു പേർക്ക് ഇരിക്കാൻ മാത്രമേ സ്ഥലസൗകര്യള്ളൂ.

വില്ലേജ് ഓഫീസിൽ കംപ്യൂട്ടർ സംവിധാനം ആയതോടെ അനുബന്ധ കേബിളുകൾ കാരണം ജീവനക്കാർക്ക് നടക്കാൻപോലും കഴിയാത്ത അവസ്ഥയിലായി. ഐരവൺ വില്ലേജ് ഓഫീസിന്റെ പരിധിയിലാണ് മെഡിക്കൽ കോളേജും മരുന്ന് പരിശോധന ലബോറട്ടറിയും ഭക്ഷ്യഗവേഷണകേന്ദ്രവും വരുന്നത്. ഇവിടത്തെ പല കാര്യങ്ങൾക്കുമായി വില്ലേജ് രേഖകൾക്കായി ഉദ്യോഗസ്ഥർ എത്തുന്നുണ്ട്. ഇതിനു പുറമേ വില്ലേജ് പരിധിയിലുള്ള ആൾക്കാരും വില്ലേജ് കാര്യങ്ങൾക്കു എത്തുന്നതോടെ കാലുകുത്താൻ സൗകര്യമില്ലാത്ത അവസ്ഥയിലാണ്. നല്ല ശുചിമുറിയോ ഫയലുകൾ സൂക്ഷിക്കാനുള്ള സൗകര്യമോ ഇല്ല. സ്മാർട്ട് വില്ലേജ് ഓഫീസാക്കി മാറ്റി പുതിയ കെട്ടിടം പണിയാൻ നടപടി വേണം.