പന്തളം : 2001 ഏപ്രിൽ നാല്. വയനാട്ടിലെ ഉൾപ്രദേശമായ കമ്പളക്കാട് ഏച്ചോം ഗ്രാമത്തിലെ പാറയ്ക്കൽ തറവാട്. സമയം സന്ധ്യയോടടുത്തു. ചുറ്റും കാപ്പിത്തോട്ടം. സൂര്യൻ അസ്തമിക്കുംമുമ്പുതന്നെ ഇരുട്ട് പരന്നുതുടങ്ങി. ഇടിവെട്ടി തകർത്തുപെയ്യുന്ന മഴയിൽ അമ്മ ജാനകിയമ്മയുമൊത്ത് അടുക്കളയിൽ കട്ടൻകാപ്പിയിട്ട് കുടിക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു ദേവൻ.

“വീട്ടിൽ പെയിന്റിങ് ജോലി നടക്കുന്നുണ്ടായിരുന്നു. കനത്ത മഴയിൽ വീട്ടിലേക്ക് മടങ്ങാനാകാതെ വരാന്തയിൽ കുത്തിയിരിക്കുന്ന ജോലിക്കാരന്റെ നിലവിളികേട്ടാണ് പുറത്തേക്കിറങ്ങിയത്. ആദ്യം ഇറങ്ങിയ അമ്മ ഓടി വരാന്തയിലേക്കെത്തുമ്പോഴേക്കും മൂർച്ചയുള്ള കത്തി അമ്മയുടെ തോളിലും മുഖത്തും പതിച്ചു.

എന്താണ് സംഭവിക്കുന്നതെന്നുപോലും അറിയാതെ അമ്മയ്ക്കരികിലേക്കെത്തിയപ്പോൾ എന്റെ നേരേ കള്ളൻ പാഞ്ഞടുത്തു. ആഞ്ഞുവീശിയ കത്തി തലയിൽകൊള്ളാതിരിക്കാൻ കൈകൊണ്ട് തലപൊത്തിപ്പിടിച്ചു. ഇതിനിടയിൽ വലതുകൈയിലെ മൂന്ന് വിരലുകൾ വെട്ടുകൊണ്ട് മുറിഞ്ഞുവീണു. വെട്ടുകൊണ്ട് വീണ അമ്മ എഴുന്നേറ്റ് കള്ളനെ പിടിച്ചുമാറ്റാൻ ശ്രമിക്കുന്നുണ്ടായിരുന്നു. വീടുമുഴുവൻ രക്തമയം. പുറത്തേക്കിറങ്ങി ഓടി. അൽപ്പം അകലെ വയലിൽനിന്ന് കയറിയ പണിക്കാരെയാണ് ആദ്യം കണ്ടത്. സംഭവം കാട്ടുതീപോലെ പരന്നു. ഭയന്ന കള്ളൻ മോഷണം ഉപേക്ഷിച്ച് രക്ഷപ്പെട്ട് ഓടി”.

“ആക്രമണം ആദ്യം പെയിന്റിങ് ജോലിക്കാരന് നേരേയായിരുന്നു. ഓടിക്കൂടിയ നാട്ടുകാർ അമ്മയെയും എന്നെയും പെയിന്റിങ് ജോലിക്കാരനെയും ആശുപത്രിയിലാക്കി. കൂട്ടത്തിൽ കള്ളനുവേണ്ടി വ്യാപകമായ തിരച്ചിലും . എപ്പോഴും വണ്ടി ഓടുന്ന കമ്പളക്കാട്ടെത്തിയാൽ കള്ളൻ രക്ഷപ്പെടും. വാഹനങ്ങൾ തടഞ്ഞും തോട്ടം അരിച്ചുപെറുക്കിയും നാട്ടുകാരുടെ അന്വേഷണം. രക്ഷപ്പെടാൻ വാഹനം കാത്തുനിന്ന കള്ളനെ ഒടുവിൽ പിടികൂടി. തമിഴ്‌നാട് മധുര സ്വദേശി നടരാജനായിരുന്നു മോഷ്ടാവ്. ജയിലിൽനിന്ന് പുറത്തിറങ്ങി ഭിക്ഷയെടുക്കാനെന്ന വ്യാജേന പകൽ വീടുകളിൽ കയറി കാര്യങ്ങൾ മനസ്സിലാക്കും. രാത്രി മോഷണം നടത്തും. സംഭവദിവസം പകൽ വീട്ടിലെത്തി അമ്മയുടെ കൈയിൽനിന്ന് പണവും ഭക്ഷണവും വാങ്ങിയശേഷം മടങ്ങിയതായിരുന്നു ഇയാൾ. ഒറ്റപ്പെട്ട വീടും ചുറ്റും കാപ്പിത്തോട്ടവുമായിരുന്നതിനാൽ വീടിന്റെ പിൻഭാഗത്തേക്ക് പോയി തോട്ടത്തിൽ സന്ധ്യവരെ മറഞ്ഞിരിക്കുകയായിരുന്നു. എന്റെ അറ്റുപോയ കൈവിരലുകൾ തുന്നിച്ചേർക്കാനായില്ല.”

തയ്യാറാക്കിയത് : കെ.സി.ഗിരീഷ് കുമാർ.