സീതത്തോട് : വിട്ടുമാറാതെ തുടരുന്ന കോവിഡ് വ്യാപനം ചിറ്റാറിലെ ജനങ്ങളെ ദുരിതത്തിലാക്കുന്നു. ഇടയ്‌ക്കൊന്നു കുറഞ്ഞാൽ വീണ്ടും കോവിഡ് വർദ്ധിക്കുന്ന സ്ഥിതിയാണ് പഞ്ചായത്തിലുള്ളത്. ഇതുകാരണം പഞ്ചായത്തിലെ മിക്ക സ്ഥലങ്ങളിലും ട്രിപ്പിൾ ലോക്ഡൗൺ ഉൾപ്പെടെ കടുത്ത നിയന്ത്രണങ്ങൾ ഒഴിയുന്നില്ല.

അതേസമയം രോഗവ്യാപനം തടയാൻ വ്യാപകമായൊരു പരിപാടി തയ്യാറാക്കുന്നില്ലെന്നും ആക്ഷേപമുണ്ട്. ഞായറാഴ്ച 48 പേർക്കാണ് പഞ്ചായത്തിൽ രോഗം സ്ഥിരീകരിച്ചത്. നൂറ്റിയമ്പതിനോടടുത്ത് ആളുകൾ പഞ്ചായത്തിലിപ്പോൾ രോഗബാധിതരായുണ്ട്. കഴിഞ്ഞ ദിവസങ്ങളിലെ പരിശോധനകളിലും രോഗബാധിതരുടെ എണ്ണം കൂടിയിരുന്നു. രണ്ടാഴ്ച മുമ്പ് രോഗബാധിതരുടെ എണ്ണം ക്രമാതാതീതമായി ഉയർന്നതിനെ തുടർന്ന് പഞ്ചായത്തിലെ പത്ത് വാർഡുകൾ അടച്ചിരുന്നു. പിന്നീടിത് നിയന്ത്രണവിധേയമായി.

പ്രതിദിനരോഗികളുടെ എണ്ണം ഒന്ന്, രണ്ട് എന്ന നിലയിൽ വരെ എത്തിയിരുന്നു. എന്നാലിതിന് ശേഷമാണിപ്പോൾ രോഗികളുടെ എണ്ണം വീണ്ടും ഉയരുന്നത്.

പഞ്ചായത്തിൽ ആകെയുള്ള 13 വാർഡുകളിലും ഇപ്പോൾ രോഗബാധിതരെ കണ്ടെത്തിയിരിക്കുകയാണ്. വാക്‌സിനേഷൻ ഉൾപ്പെടെയുള്ള പ്രതിരോധ പ്രവർത്തനങ്ങളിൽ പഞ്ചായത്തിന് ഇനിയും വലിയ നേട്ടം ഉണ്ടാക്കാനായിട്ടില്ല. നൂറുകണക്കിനാളുകൾക്ക് രണ്ടാംഘട്ട കുത്തിവയ്പ് നടത്താനായിട്ടില്ല.

അതേസമയം പഞ്ചായത്തിൽ രോഗവ്യാപനം തുടരുന്ന പശ്ചാത്തലത്തിൽ ബോധവത്കരണമുൾപ്പെടെ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കാൻ നടപടി സ്വീകരിക്കണമെന്നും സ്‌കൂളുകൾകൂടി തുറക്കുന്നത് പരിഗണിച്ച് പ്രതിരോധ നടപടികൾ വേഗത്തിലാക്കണമെന്നും ആവശ്യമുയർന്നിട്ടുണ്ട്. പ്രതിരോധ കുത്തിവയ്പ് വേഗത്തിൽ നൽകുന്നതിനായി കൂടുതൽ സ്ഥലങ്ങളിൽ ക്യാമ്പുകൾ തുറക്കണമെന്ന് ടൗൺവാർഡ് മെമ്പർ എ.ബഷീർ ആവശ്യപ്പെട്ടു.