പത്തനംതിട്ട : ശബരിമല തീർഥാടനത്തെ സുരക്ഷിതമാക്കി മോട്ടോർ വാഹനവകുപ്പ് േസഫ് സോൺ പദ്ധതി ബുധനാഴ്ച പൂർത്തിയാകും. തീർഥാടകർ കുറവായതിനാൽ കഴിഞ്ഞ വർഷത്തെപ്പോലെ 24 മണിക്കൂർ പ്രവർത്തിക്കുന്ന അധിക സ്‌ക്വാഡുകൾ ഉണ്ടായിരുന്നില്ലെന്ന് സേഫ് സോൺ സ്‌പെഷ്യൽ ഓഫീസർ പി.ഡി.സുനിൽബാബു പറഞ്ഞു.
ഇലവുങ്കലിൽ മൂന്നും എരുമേലി, കുട്ടിക്കാനം എന്നിവിടങ്ങളിൽ രണ്ട് വീതം സ്‌ക്വാഡുകളുമാണ് ഉണ്ടായിരുന്നത്.
എല്ലാക്കൊല്ലത്തെയുംപോലെ ഇലവുങ്കൽ കേന്ദ്രീകരിച്ച് പ്രധാന കൺട്രോളിങ് ഓഫീസും കോട്ടയം ജില്ലയിൽ എരുമേലി, ഇടുക്കി ജില്ലയിൽ കുട്ടിക്കാനം എന്നീ രണ്ട് സബ് കൺട്രോളിങ് ഓഫീസുകളും പദ്ധതിക്കായി പ്രവർത്തിച്ചു.
തീർഥാടനവഴികളിൽ എപ്പോ ൾ എന്ത് നടന്നാലും തത്സമയം കൺട്രോൾ റൂമുകളിൽ വിവരം അറിയുന്ന രീതിയിലായിരുന്നു പ്രവർത്തനം.
തിരിച്ചുപോകുന്ന വാഹനങ്ങൾക്ക് തടസ്സമില്ലാതെ യാത്രാസൗകര്യമൊരുക്കുക, റോഡ് സുരക്ഷ ഉറപ്പാക്കുക, അപകടങ്ങളുണ്ടായാൽ ഉടൻ ആശുപത്രികളിലെത്തിക്കുക, തകരാറുണ്ടാകുന്ന വാഹനങ്ങൾക്ക് ഉടനെ അറ്റകുറ്റപ്പണി നടത്തുക തുടങ്ങിയവയാണ് സേഫ് സോൺ പദ്ധതിയുടെ ഭാഗമായി നടന്നത്. ബ്രേക്ക്‌ഡൗണായി 480 വാഹനങ്ങൾക്ക് അറ്റകുറ്റപ്പണി നടത്തി.
ഇതിനായി പ്രധാനപ്പെട്ട വാഹന നിർമാണ കമ്പനികളുടെയെല്ലാം മെക്കാനിക്കുകളും ഉപകരണങ്ങളും സജ്ജമാക്കിയിരുന്നു.
ഇടുക്കി എൻഫോഴ്‌സ്‌മെന്റ് ആർ.ടി.ഒ. ഹരികൃഷ്ണൻ, കോട്ടയം എൻഫോഴ്‌സ്‌മെന്റ് ആർ.ടി.ഒ. ടോജോ എം.തോമസ്, പത്തനംതിട്ട എൻഫോഴ്‌സ്‌മെന്റ് ആർ.ടി.ഒ. പി.ആർ.സജീവ് എന്നിവർ നേതൃത്വം നൽകി.