കലഞ്ഞൂർ : ഗ്രാമപ്പഞ്ചായത്തിൽ പുതിയൊരു ക്വാറിക്കുപോലും അനുമതി നൽകരുതെന്ന് കലഞ്ഞൂർ ഗ്രാമപ്പഞ്ചായത്ത് ഭരണസമിതി തീരുമാനമെടുത്തു. പഞ്ചായത്ത് കമ്മിറ്റിയിൽ പ്രത്യേക അജൻഡ വെച്ചാണ് മുഴുവൻ അംഗങ്ങളും ചേർന്ന് തീരുമാനമെടുത്തത്.
വിഴിഞ്ഞം പദ്ധതിക്കായി ഗ്രാമപ്പഞ്ചായത്തിൽ പുതിയ അഞ്ച് ക്വാറിക്ക് ശ്രമം നടത്തുന്നതിൽ വലിയ ജനകീയപ്രതിഷേധം ഉയർന്നതിനെതുടർന്നാണ് തീരുമാനം.
കാരയ്ക്കാക്കുഴിയിൽ വർഷങ്ങൾക്കുമുൻപ് പ്രവർത്തനം നിലച്ച ക്വാറി വിഴിഞ്ഞം പദ്ധതിയുടെപേരിൽ വീണ്ടും തുറക്കുന്നതിൽ വലിയ പ്രതിഷേധമാണ് നടക്കുന്നത്. ഇതിന്റെ പബ്ലിക് ഹിയറിങ് 27-ന് വകയാറിൽ നടത്തുന്നതും പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.
പഞ്ചായത്ത് പ്രസിഡന്റ് ടി.വി.പുഷ്പവല്ലിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഐകകണ്ഠ്യേനയാണ് തീരുമാനമെടുത്തത്.
ഇതിനൊപ്പം കാരയ്ക്കാക്കുഴിയിൽ ക്വാറിക്കായി സമർപ്പിച്ച െജെവവൈവിധ്യ പ്ലാനിലും പരിസ്ഥിതിപഠന റിപ്പോർട്ടിലും വസ്തുതാവിരുദ്ധമായ കാര്യങ്ങളാണെന്നും ആരോപണമുയർന്നു.
ക്വാറിക്കായി ശ്രമിക്കുന്ന സ്ഥലത്തോടുചേർന്ന് ജലസ്രോതസ്സുള്ളതും 50 മീറ്റർ അടുത്ത് താമസക്കാരുള്ളതും ഉൾപ്പെടുത്തിയിട്ടില്ലെന്നാണ് ആരോപണം.
പഞ്ചായത്ത് കമ്മിറ്റി എടുത്ത തീരുമാനം ജില്ലാ കളക്ടർക്കും പരിസ്ഥിതി, മലിനീകരണനിയന്ത്രണ വകുപ്പുകൾക്കും നൽകുമെന്നും പഞ്ചായത്ത് പ്രസിഡന്റ് ടി.വി.പുഷ്പവല്ലി, സെക്രട്ടറി ടി.എസ്.സജീഷ് എന്നിവർ പറഞ്ഞു.