സീതത്തോട് : മലയോരമേഖലയുടെ ടൂറിസം സാധ്യതകൾക്ക് പുതിയ പ്രതീക്ഷ നൽകി സീതത്തോട്ടിൽ കക്കാട്ടാറ് കേന്ദ്രീകരിച്ച് കയാക്കിങ്‌ ട്രയൽ റൺ നടത്തി.

കെ.യു.ജനീഷ്‌കുമാർ എം.എൽ.എ.യും കളക്ടർ ദിവ്യ എസ്.അയ്യരും ചേർന്ന് കൊച്ചാണ്ടിയിൽ കയാക്കിങ്‌ ട്രയൽ ഫ്ളാഗ് ഓഫ് ചെയ്തു. കോന്നി ടൂറിസം ഗ്രാമം പദ്ധതിയുടെ ഭാഗമായി തുടങ്ങുന്ന വിവിധ വിനോദപദ്ധതികളുടെ ഭാഗമായാണ് സീതത്തോട്ടിൽ കയാക്കിങ്‌ ആരംഭിക്കുന്നത്. അഡ്വഞ്ചർ ടൂറിസംരംഗത്ത് ദേശീയ ശ്രദ്ധനേടാൻ കഴിയുന്ന കായികവിനോദത്തിനാണ് പഞ്ചായത്തിൽ തുടക്കമായത്.

കക്കാട്ടാറിലെ ആങ്ങമൂഴി-കൊച്ചാണ്ടിമുതൽ സീതത്തോട് പവർഹൗസ് കടവുവരെയുള്ള പ്രദേശമാണ് കയാക്കിങ്ങിനായി തിരഞ്ഞെടുത്തിട്ടുള്ളത്. അഞ്ച് കിലോമീറ്ററാണിവിടെ നദിയിലെ ദൂരം. കയാക്കിങ്ങിന് പുറമേ റാഫ്റ്റിങ്‌, കനോയിങ്‌ തുടങ്ങിയവയുടെ സാധ്യതയും സീതത്തോട്ടിൽ പരിശോധിക്കുന്നുണ്ട്. സഞ്ചാരികൾക്കായി സാഹസികത കുറഞ്ഞ ഹ്രസ്വദൂര യാത്രകൾ നടത്തുന്നതനുള്ള സൗകര്യവും ഇവിടെ ഒരുക്കാനാണ് സംഘാടകരുടെ തീരുമാനം.

പ്രശസ്ത കയാക്കിങ്‌ വിദഗ്‌ധൻ നോമി പോളിന്റെ നേതൃത്വത്തിൽ നിഥിൻ ദാസ്, വിശ്വാസ് രാജ്, കെവിൻ ഷാജി, ഷിബു പോൾ എന്നിവരുൾപ്പെട്ട സംഘമാണ് ട്രയൽ റൺ നടത്തിയത്. ദീർഘദൂര, ഹ്രസ്വദൂര യാത്രകൾക്കും സാഹസിക യാത്രകൾക്കും മികച്ച സൗകര്യമാണ് കക്കാട്ടാറിലുള്ളത്.

സാഹസികത ഇഷ്ടപ്പെടുന്ന യുവാക്കളുടെ പ്രധാന കേന്ദ്രമായി പ്രദേശത്തെ മാറ്റാനാണ് പദ്ധതി തയ്യാറാക്കുന്നത്.

ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ജോബി ടി.ഈശോയുടെ അധ്യക്ഷതയിൽ ജില്ലാപഞ്ചായത്ത് മെമ്പർ ലേഖാ സുരേഷ്, ചിറ്റാർ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സജി കുളത്തുങ്കൽ, ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ പി.ഐ.സുബൈർ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എസ്.സുജ, പി.ആർ.പ്രമോദ്, രവികല എബി, രവി കണ്ടത്തിൽ, എസ്.ഹരിദാസ്, റെയ്‌സൺ വി.ജോർജ്, രമേശ് രംഗനാഥ് എന്നിവർ പങ്കെടുത്തു.