റാന്നി : സംസ്ഥാനപാതയിൽ റാന്നി ചെത്തോങ്കര പാലത്തോടുചേർന്ന് റോഡിന്റെ വശമിടിഞ്ഞത് അപകടഭീഷണിയായി. വലിയ തോടിനോടുചേർന്ന ഭാഗമാണിടിഞ്ഞത്. മുന്നറിയിപ്പിനായി റിബൺ വലിച്ചുകെട്ടിയിട്ടുണ്ടെങ്കിലും രാത്രിയിലെത്തുന്ന വാഹനങ്ങൾക്ക്‌ ഭീഷണിയാണ്. വെള്ളം കയറാനിടയുള്ള സ്ഥലംകൂടിയാണിവിടം. ശബരിമല മണ്ഡലക്കാലം ആരംഭിക്കുന്നതോടെ ദൂരെ സ്ഥലങ്ങളിൽനിന്നുള്ള നിരവധി വാഹനങ്ങളാണ് ഇതുവഴിയെത്തുന്നത്.

ഏതാനും ആഴ്ചകൾക്കുമുമ്പ് അല്പം വശമിടിഞ്ഞിരുന്നു. പിന്നീട് പലപ്പോഴായി കൂടുതൽ ഇടിഞ്ഞുകൊണ്ടിരുന്നു. കഴിഞ്ഞ ദിവസമുണ്ടായ വെള്ളപ്പൊക്ക സമയത്താണിത്രയും ഇടിഞ്ഞുവീണത്. കുറെഭാഗംകൂടി ഇടിയുമെന്ന നിലയിലാണ്. പുനലൂർ-മൂവാറ്റുപുഴ സംസ്ഥാനപാതയിൽ നവീകരണം നടന്നുവരുകയാണ്. ഇടിഞ്ഞ ഭാഗത്തും വീതി കൂട്ടാനുള്ളതാണ്. പാലവും പുതുക്കിപ്പണിയും. എന്നാൽ, വെള്ളം കയറുന്ന ഈ ഭാഗത്ത് അതുവരെ വശമിടിഞ്ഞുകിടക്കുന്നത് അപകട സാധ്യതയുണ്ടാക്കുന്നു. വെള്ളപ്പൊക്ക സമയത്ത് വെള്ളം കലങ്ങി മറിഞ്ഞായിരിക്കും ഒഴുകുന്നത്. റോഡിൽ വെള്ളംകയറി തുടങ്ങുന്ന സമയത്തൊക്കെ വാഹനങ്ങൾ ഇതുവഴി കടന്നുപോകും. ഇവിടെയും റോഡിൽ വെള്ളമുണ്ടെങ്കിൽ ഇടിഞ്ഞ ഭാഗം അറിയാൻ കഴിയില്ല. ഇവിടെ സുരക്ഷയ്ക്കായി അടിയന്തര നടപടിയുണ്ടാകണമെന്നാണ് നാട്ടുകാർ പറയുന്നത്.