പത്തനംതിട്ട : വെള്ളപ്പൊക്ക ദുരിതാശ്വാസക്യാമ്പുകളിൽ ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടാകാതിരിക്കുന്നതിനായി ആരോഗ്യവകുപ്പ് നൽകുന്ന നിർദേശങ്ങൾ പാലിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.എ.എൽ. ഷീജ അറിയിച്ചു.

ജലജന്യരോഗങ്ങൾ പടർന്നുപിടിക്കാതിരിക്കാനായി ക്യാമ്പും പരിസരവും വൃത്തിയായി സൂക്ഷിക്കണം. തിളപ്പിച്ചാറിയ വെള്ളംമാത്രം കുടിക്കുക. പഴകിയഭക്ഷണം കഴിക്കരുത്.

ഭക്ഷണസാധനങ്ങൾ അടച്ചുസൂക്ഷിക്കുക. ഭക്ഷണാവശിഷ്ടങ്ങളും മറ്റ് മാലിന്യങ്ങളും നിർദേശിക്കപ്പെട്ട സ്ഥലത്തുമാത്രം നിക്ഷേപിക്കുക. മാസ്‌ക് ശരിയായ രീതിയിൽ ധരിക്കുക. ഉപയോഗിച്ച മാസ്‌കുകൾ വലിച്ചെറിയാതെ ഇതിനായി തയ്യാറാക്കിയ ബിന്നിൽ നിക്ഷേപിക്കുക. കഴിയുന്നത്ര സാമൂഹിക അകലം പാലിക്കുക.

കൈകൾ ഇടയ്ക്കിടെ സോപ്പോ സാനെറ്റെസറോ ഉപയോഗിച്ച് വൃത്തിയാക്കുക. വെള്ളക്കെട്ടുകളിൽ ഇറങ്ങിവരുന്നവർക്ക് എലിപ്പനി ഉണ്ടാകുന്നതിന് സാധ്യതയുണ്ട്. ആരോഗ്യപ്രവർത്തകരുടെ നിർദേശപ്രകാരം ഡോക്‌സി സൈക്ലിൻ ഗുളികകൾ കഴിക്കുക. സ്ഥിരമായി കഴിക്കുന്ന മരുന്നുകൾ മുടക്കരുത്.

പ്രമേഹം, രക്താതിമർദം, ഹൃദ്രോഗങ്ങൾ തുടങ്ങിയ ജീവിതശൈലീ രോഗങ്ങൾക്കുള്ള മരുന്നുകൾ കഴിക്കുന്നവർ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കണം. മരുന്നുകൾ കൈവശം ഇല്ലെങ്കിൽ ആരോഗ്യ പ്രവർത്തകരുമായി ബന്ധപ്പെടുക.

പനി, ചുമ, ജലദോഷം, തൊണ്ടവേദന തുടങ്ങിയ രോഗലക്ഷണങ്ങൾ ഉള്ളവർ എത്രയും പെട്ടെന്ന് തന്നെ ആരോഗ്യപ്രവർത്തകരെ വിവരം അറിയിക്കണം.