കോന്നി : പേമാരിയിലും വെള്ളപ്പൊക്കത്തിലും കോന്നി താലൂക്കിൽ വ്യാപകമായ കൃഷിനാശം. വിവിധ പ്രദേശങ്ങളിൽ ഹെക്ടർ കണക്കിന് സ്ഥലത്തെ വാഴയും, റബറും, കുരുമുളകും, തെങ്ങുകളും, പച്ചക്കറികളും കപ്പയുമുൾപ്പെടെയുള്ള കൃഷികൾ നശിച്ചു.

അട്ടച്ചാക്കൽ, വെട്ടൂർ, കിഴക്കുപുറം തുടങ്ങിയ പ്രദേശങ്ങളിൽ നെൽകൃഷിക്കായി വയൽ ഒരുക്കിയിരുന്നന്നവരും ദുരിതത്തിലായി. വകയാർ, അരുവാപ്പുലം, കൂടൽ, മുറിഞ്ഞകല്ല്, കലഞ്ഞൂർ, പാടം, അതിരുങ്കൽ, കോന്നി, കൊക്കാത്തോട്, തണ്ണിത്തോട് മേഖലകളിൽ വ്യാപകമായി വാഴകൾ നശിച്ചു. തണ്ണിത്തോട്, കൊക്കാത്തോട്, മണ്ണീറ, അരുവാപ്പുലം, മലയാലപ്പുഴ, വെട്ടൂർ, കലഞ്ഞൂർ തുടങ്ങിയ പ്രദേശങ്ങളിൽ തെങ്ങും, കുരുമുളകും നശിച്ചിട്ടുണ്ട്.

കാട്ടുപന്നി ശല്യത്തിൽനിന്ന് ഒരുപരിധിവരെ സംരക്ഷിച്ചുനിർത്തിയ കാർഷിക വിളകളെല്ലാം വെള്ളത്തിനടിയിലായി. വിളവെടുക്കാൻ പാകമായ കപ്പ, ചേന, ചേമ്പ്, പാവൽ പടവലം, ചീര, പയർ, തുടങ്ങിയവയെല്ലാം വെള്ളത്തിൽ കിടന്ന് അഴുകുകയാണ്. മഴവെള്ളപാച്ചിലിൽ ആറ്റുതീരങ്ങൾ ഇടിഞ്ഞും നാശനഷ്ടങ്ങൾ ഉണ്ടായിട്ടുണ്ട്. തീരത്തോടു ചേർന്ന പല കൃഷിസ്ഥലങ്ങളും വെള്ളത്തിൽ മുങ്ങിയിരുന്നു. തിങ്കളാഴ്ച മഴയ്ക്കു ശമനമുണ്ടായതിനെ തുടർന്ന് കല്ലേലി, അരുവാപ്പുലം, അട്ടച്ചാക്കൽ, വെട്ടൂർ ഭാഗങ്ങളിലെ വെള്ളം ഇറങ്ങി തുടങ്ങിയെങ്കിലും അച്ചൻകോവിൽ, കല്ലാർ തുടങ്ങിയ നദികൾ കലങ്ങിത്തന്നെയാണ് ഒഴുകുന്നത്. മഴക്കെടുതിയെ തുടർന്നു കൃഷിനാശം ഉണ്ടായിട്ടുള്ള കർഷകർ നശിച്ച കാർഷിക വിളകളുടെ ഫോട്ടോ എടുത്തു സൂക്ഷിക്കണമെന്നും ആധാർ കാർഡ്, റേഷൻ കാർഡ്, കരം അടച്ച രസീത്, ബാങ്ക് പാസ്ബുക്ക് എന്നിവ സഹിതം ഏഴുദിവസത്തിനകം കൃഷിഭവനുമായി ബന്ധപ്പെടണമെന്നും കൃഷിവകുപ്പ് അധികൃതർ അറിയിച്ചു.