waterflooding
തിരുവല്ല തിരുമൂലപുരത്ത് എം.സി റോഡിലെ
വെള്ളക്കെട്ടിന്റെ ആകാശദൃശ്യം

തിരുവല്ല : എം.സി.റോഡിലെ തിരുമൂലപുരം മുതൽ കുറ്റൂർ പാലം വരെയുള്ള റോഡിലെ വെള്ളക്കെട്ട് കടക്കാൻ വലിയ വാഹനങ്ങളൊഴികെയുള്ളവർ പാടുപെട്ടു.

ചില വാഹനങ്ങൾ വെള്ളക്കെട്ടിനു മധ്യത്തിലെത്തുമ്പോൾ നിന്നു പോകുന്നതു മൂലം മണിക്കൂറുകൾ നീണ്ട ഗതാഗതക്കുരുക്കുമായി. പോലീസും നാട്ടുകാരും ചേർന്ന് നിന്നുപോയ വാഹനങ്ങൾ വെള്ളത്തിലൂടെ തള്ളിയാണ് കരയിലെത്തിച്ചത്.

രാവിലെ സിമന്റുമായിപ്പോയ ലോറി വെള്ളക്കെട്ടിനു സമീപം എത്തിയപ്പോൾ കേടായതും ഗതാഗതക്കുരുക്കിന് കാരണമായി.

നിരവധി വാഹനങ്ങളാണ് തിരുമൂലപുരത്ത് വെള്ളം കയറി കേടായി കിടക്കുന്നത്. ഇരുചക്രവാഹനങ്ങളെ ഇതുവഴി കടത്തിവിട്ടില്ല.

ഒരുവഴിയിലൂടെയും മറുകര കടക്കാനാകാതെ ഇരുചക്രവാഹന യാത്രികർ വാഹനം റോഡിൽെവച്ചശേഷം ബസിൽ കയറി യാത്ര തുടരുന്ന കാഴ്ചയാണ് കാണാനായത്.

അച്ചന്‍കോവിലാര്‍ കരകവിഞ്ഞു

പന്തളം: അച്ചന്‍കോവിലാറ്റില്‍ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നു. അപകടകരമായ നിലയില്‍ നിന്നും രണ്ടേകാല്‍ മീറ്റര്‍ ഉയര്‍ച്ചയിലാണ് ഇപ്പോള്‍ ജലനിരപ്പ്. ഒരുമീറ്റര്‍ ഉയര്‍ന്നാല്‍ 2018-ലെ ജലനിരപ്പിന് അടുത്തെത്തും.

ഞായറാഴ്ച രാത്രിയും തിങ്കളാഴ്ച പകലും തെളിഞ്ഞ അന്തരീക്ഷമായിരുന്നിട്ടും ജില്ലയുടെ പടിഞ്ഞാറന്‍ മേഖലയില്‍ ജലനിരപ്പ് ഉയരുകയാണുണ്ടായത്.

എന്നാല്‍ അച്ചന്‍കോവിലാറിന്റെ മുകള്‍ ഭാഗമായ അച്ചന്‍കോവില്‍ മുതല്‍ കോന്നിവരെയുള്ള പ്രദേശങ്ങളില്‍ ജലനിരപ്പ് വളരെ താഴ്ന്നെങ്കിലും ഈ കുറവ് പന്തളം പ്രദേശങ്ങളിലുണ്ടായില്ല. വെള്ളം താഴേക്ക് ഒഴുകിയെത്തുന്നതുകൊണ്ടാണിത്.

ഞായറാഴ്ച രാത്രി അച്ചന്‍കോവിലാറ്റിലേക്കെത്തിച്ചേരുന്ന കല്ലാറില്‍ നിന്നുമാണ് കൂടുതല്‍ ജലം ഒലിച്ചിറങ്ങിയത്. ഞായറാഴ്ച വനപ്രദേശങ്ങളില്‍ തകര്‍ത്തുപെയ്ത മഴയാണ് ജലനിരപ്പ് ഞായറാഴ്ച രാത്രി ഉയരാന്‍ കാരണം. തിങ്കളാഴ്ച എല്ലാ പ്രദേശങ്ങലിലും മഴ മാറിനിന്നു. ആറുമായി ബന്ധപ്പെട്ടുകിടക്കുന്ന തോടുകളില്‍ വെള്ളം നിറഞ്ഞത് പാടത്തേക്കും തീരത്തേക്കും വെള്ളത്തിന്റെ തള്ളിക്കയറ്റത്തിന് കാരണമായി.