കലഞ്ഞൂർ : ഇളമണ്ണൂരിൽതുടങ്ങി പാടത്ത് അവസാനിക്കുന്ന പന്ത്രണ്ട് കിലോമീറ്റർ റോഡ് നിർമാണം തുടങ്ങിയിട്ട്‌ മൂന്നുവർഷം. ഭാഗികമായി പൂർത്തിയായത്‌ ഏഴുകിേലാമീറ്റർ മാത്രം. 21.90 കോടി രൂപ വിനിയോഗിച്ചാണ് നിർമാണം. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ മഴയിൽ കലഞ്ഞൂർ-വാഴപ്പാറ മുതൽ മണക്കാട്ടുപുഴ വരെയുള്ള ഭാഗത്തെ മെറ്റൽ മുഴുവൻ ഒലിച്ചുപോയി.

ഇളമണ്ണൂർ ഇരുപത്തിമൂന്ന് ജങ്‌ഷനിലെയും റോഡിന്റെ അരിക് തകർന്ന് മഴവെള്ളം മുഴുവൻ സമീപത്തെ കടകളിലേക്കാണ് കയറുന്നത്. കലഞ്ഞൂർ കീച്ചേരി ജങ്ഷൻമുതൽ ഓട നിർമിക്കാത്തതിനാൽ പ്രദേശത്ത് മിക്ക വീടുകളിലേക്കും മഴവെള്ളം കയറും. 2016-17 വർഷത്തെ ബജറ്റിൽ ഉൾപ്പെടുത്തിയാണ് റോഡിന്‌ ഫണ്ട് അനുവദിച്ചത്. 2018-ൽതന്നെ പണി ആരംഭിച്ചെങ്കിലും 2019 ജനുവരിയിലാണ് നിർമാണോദ്ഘാടനം നടത്തിയത്.

നിർമാണം പാതി പൂർത്തീകരിച്ചത് ഏഴുകിലോമീറ്റർ

ഇളമണ്ണൂർമുതൽ മുള്ളൂർ നിരപ്പുവരെയുള്ള ഭാഗത്ത് ആദ്യഘട്ട ടാറിങ്‌ നടത്തിയത് മാത്രമാണ് റോഡ് നിർമാണത്തിൽ ആകെയുള്ള പുരോഗതി. ഈഭാഗത്തെ മെറ്റൽ മഴയിൽ ഇളകി ഒലിച്ചുപോകുകയും ചെയ്തു. റോഡ് നിർമാണം ഉത്തരവാദിത്വത്തോടെ നോക്കാൻ പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ തയ്യാറാകാത്തതാണ് നിർമാണം അവതാളത്തിലാകാൻ കാരണം. ആവശ്യത്തിന്‌ പണിക്കാരെ നിയോഗിക്കാനും കരാറുകാരൻ താത്‌പര്യം കാട്ടുന്നുമില്ല. ഇളമണ്ണൂർമുതൽ മുള്ളൂർ നിരപ്പുവരെയുള്ള ഭാഗത്ത് ചില സ്ഥലങ്ങളിൽ മാത്രമാണ് ഓട നിർമിച്ചിട്ടുള്ളത്.

റോഡിന്റെ ഇരുവശങ്ങളിലുമായി 5460 മീറ്റർ ഓട നിർമിക്കാനാണ് കരാർ നൽകിയിട്ടുള്ളത്. 2020 ഏപ്രിൽ 14-ന് മുമ്പ് പണി പൂർത്തിയാക്കാനാണ് കരാറിൽ നിർദേശിച്ചിരുന്നത്. എന്നാൽ, പിന്നീടത് 2020 ഫെബ്രുവരിവരെ നീട്ടിനൽകി. ഇത്തരത്തിൽ പണി മുമ്പോട്ടുപോയാൽ ഇനി രണ്ട് വർഷമെടുത്താലും പൂർത്തീകരിക്കില്ലെന്നാണ് പ്രദേശവാസികൾ പറയുന്നത്. ഉന്നത ഉദ്യോഗസ്ഥർക്ക് നാട്ടുകാർ പരാതികൾ നൽകിയിട്ടുണ്ട്.