പന്തളം : മൂന്ന് ജില്ലകളെ ബന്ധിപ്പിച്ച് പണിയുന്ന ആനയടി-കൂടൽ റോഡിന്റെ കുരമ്പാല കവലമുതൽ തോലുഴം കവലവരെയുള്ള ഭാഗത്ത് പണി നീങ്ങുന്നത് സാവധാനമാണെങ്കിലും കുരമ്പാല പോസ്‌റ്റോഫീസ് കവല, കടമാൻകുളം ഭാഗത്ത് റോഡുപണി അതിവേഗം പുരോഗമിക്കുന്നു.

മണ്ണിട്ടുയർത്തുന്ന ജോലിയും സംരക്ഷണഭിത്തി കെട്ടുന്ന ജോലിയുമാണ് ഇവിടെ പൂർത്തിയായിവരുന്നത്. മണ്ണിട്ടുയർത്തൽ പൂർത്തിയായാൽ ടാറിങ് ജോലികളാരംഭിക്കുമെന്ന് പൊതുമരാമത്ത് വകുപ്പധികാരികൾ പറഞ്ഞു.

2019 ഡിസംബറിൽ തുടങ്ങിയ പണി 2020 ജൂൺ മാസം പൂർത്തിയാക്കാനായിരുന്നു തീരുമാനമെങ്കിലും കോവിഡിലുണ്ടായ ലോക് ഡൗണും ജോലിക്കാർ നാട്ടിലേക്ക് പോയി മടങ്ങിയെത്താൻ വൈകിയതും കാരണം പണി കുറച്ചുനാൾ തടസ്സപ്പെട്ടു.

കുരമ്പാല പോസ്‌റ്റോഫീസ് കവല മുതൽ കടമാൻകുളം-പള്ളിക്കൽ ഭാഗത്തെല്ലാം റോഡിന്റെ സംരക്ഷണഭിത്തി കെട്ടുന്ന ജോലിയാണ് ആദ്യ ഘട്ടമായി നടന്നിരുന്നത്. താഴെയും മുകൾ ഭാഗത്തുമുള്ള വീട്ടുകാർക്ക് ഭിത്തിയും വീട്ടിലേക്ക് പോകുവാനുള്ള വഴിയും ഇതോടൊപ്പം കെട്ടിക്കൊടുക്കേണ്ടിയിരുന്നു. ഈ റോഡിൽ കലുങ്കുകളുടെ പണിയും നടത്തി.

കുരമ്പാലമുതൽ പന്തളം തെക്കേക്കര പഞ്ചായത്തിലെ തോലുഴം വരെയുള്ള ഭാഗത്തെ പണിയാണ് പലഭാഗത്തും തർക്കത്തിൽ കിടക്കുന്നത്. ഇവിടെയും കലുങ്കിന്റെ പണി പൂർത്തിയായിട്ടുണ്ട്. നാഷണൽ ഹൈവേയിലെ ആനയടിയിൽനിന്നു തുടങ്ങി കെ.പി.റോഡിലൂടെ പഴകുളത്തും കുരമ്പാലവഴി എം.സി.റോഡിലും കീരുകുഴി വഴി തട്ടയിൽ വന്ന് അടൂർ-പത്തനംതിട്ട എൻ.എച്ച്. 183 എ എന്നറോഡിലും എത്തിച്ചേരും. ഇവിടെനിന്ന് ചന്ദനപ്പള്ളി വഴിയാണ് കൂടലിലെത്തി പുനലൂർ-മൂവാറ്റുപുഴ റോഡുമായി ചേരുന്നത്.