അടൂർ : ‘നമസ്കാരം, കോവിഡ് വ്യാപനം വീണ്ടും വർധിക്കുന്നതിന്റെ ഭാഗമായി അല്പം കാര്യങ്ങൾ പറയാൻ വന്നതാണ്... മുഖാവരണം ധരിക്കൽ, ശുചീകരണ ലായനി ഉപയോഗിക്കൽ, സാമൂഹിക അകലം പാലിക്കൽ എന്നിവ കൃത്യമായി പാലിക്കണം. ആശങ്ക വേണ്ട ജാഗ്രത മതി.’ ഇത് അടൂർ പോലീസ് അടൂർ ശ്രീമൂലം ചന്തയിലെത്തി വ്യാപാരികളോടും പൊതുജനത്തിനോടും പറഞ്ഞ വാക്കുകളാണ്.

സർക്കാർ നിർദേശങ്ങൾ ജനങ്ങളിലെത്തിക്കുക എന്നതായിരുന്നു പോലീസിന്റെ ലക്ഷ്യം. അടൂർ ഡിവൈ.എസ്.പി. ബി.വിനോദിന്റെ നേതൃത്വത്തിലാണ് പോലീസ് ചന്തയിലെത്തിയത്. അപ്രതീക്ഷിതമായി പോലീസിനെക്കണ്ട ചിലർ പോക്കറ്റിൽ കിടന്ന മുഖാവരണം എടുത്തുവെച്ചു. മിക്കവരും ശുചീകരണ ലായനി സൂക്ഷിച്ചിരുന്നില്ല.

മീൻ വ്യാപാരികളിൽ ചിലർ ലായനി കരുതിയിരുന്നു. ലായനിയുടെ ഉപയോഗത്തെപ്പറ്റി വ്യാപാരികളോട് വിശദീകരിച്ചു. ചിലർ ഉപയോഗിച്ചിരുന്ന മുഖാവരണം കോവിഡിന്റെ ആദ്യഘട്ടത്തിൽ വാങ്ങിയവയായിരുന്നു.

ഇതുമാറ്റി പുതിയവ വെയ്ക്കാൻ പോലീസ് നിർദേശിച്ചു.

സബ് ഡിവിഷൻ പരിധിയിലെ സ്റ്റേഷനുകളിലെ മൂന്നിലൊന്ന് പോലീസുകാരെ കോവിഡ് സംബന്ധിച്ച് ഡ്യൂട്ടിക്കായി മാത്രം വിന്യസിച്ചിരിക്കുകയാണ്. കണ്ടെയ്‌ൻമെന്റ്‌ സോണുകളിലും സബ്ഡിവിഷൻ പരിധിയിലെ ജനങ്ങൾ കൂട്ടംകൂടാൻ സാധ്യതയുള്ള സ്ഥലങ്ങളിലും കൂടുതൽ പരിശോധനകൾ നടത്തുന്നതാണ്. പ്രതിദിന കോവിഡ് പോസിറ്റിവിറ്റി നിരക്ക് വർധിക്കുന്ന സാഹചര്യത്തിൽ ജനങ്ങൾ കൂടുതൽ ജാഗ്രത പുലർത്തേണ്ടതും നിയമം ലംഘിക്കുന്നവർക്കെതിരേ പോലീസ് കർശന നിയമനടപടികൾ സ്വീകരിക്കുന്നതാണെന്നും ഡിവൈ.എസ്.പി. പറഞ്ഞു.