റാന്നി : വെള്ളപ്പൊക്കത്തിൽ റാന്നി മേഖലയിലെ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലായി. പുനലൂർ-മൂവാറ്റുപുഴ സംസ്ഥാനപാതയിൽ റാന്നി ചെത്തോങ്കര ഭാഗത്തും മണ്ണാറക്കുളഞ്ഞി-ചാലക്കയം-ശബരിമല പ്രധാനപാതയിൽ വടശ്ശേരിക്കര നരിക്കുഴി ഭാഗത്തും വെള്ളം കയറി ഗതാഗതം തടസ്സപ്പെട്ടു. വൈകീട്ടോടെ വടശ്ശേരിക്കര കന്നാൻ പാലത്തിന് സമീപം വെള്ളം കയറി വീണ്ടും മണ്ണാറക്കുളഞ്ഞി ശബരിമലപാതയിൽ ഗതാഗതം തടസ്സപ്പെട്ടു.

കുരുമ്പൻമൂഴി, അരയാഞ്ഞിലിമൺ, മുക്കം കോസ്‌വേകൾ വെള്ളത്തിൽ മുങ്ങി. കോസ്‌വേകളിലൂടെയുള്ള ഗതാഗതം തടസ്സപ്പെട്ടതോടെ കുരുമ്പൻമൂഴി, മണക്കയം, അരയാഞ്ഞിലിമൺ എന്നിവിടങ്ങളിലെ നൂറുകണക്കിന് കുടുംബങ്ങൾ ഒറ്റപ്പെട്ടു. രാവിലെ ജോലിക്കുംമറ്റുമായി പോയ നിരവധി ആൾക്കാർക്ക് തിരികെ വീടുകളിലെത്താനാവാതെ മറുകരയിൽ കുടുങ്ങി. മുക്കം കോസ്‌വേയിലും വെള്ളം കയറി ഗതാഗതം തടസ്സപ്പെട്ടു.

റാന്നി-വലിയകാവ് റോഡ്, മണിയാർ-എരുവാറ്റുപുഴ-മാമ്പാറ റോഡ്, റാന്നി-കോഴഞ്ചേരി, ഇട്ടിയപ്പാറ ബൈപ്പാസ് തുടങ്ങിയ റോഡുകളിലെല്ലാം വെള്ളം കയറി ഗതാഗതം തടസ്സപ്പെട്ടു. വടശ്ശേരിക്കര മോഡൽ റസിഡൻഷ്യൽ സ്‌കൂളും പരിസരവും വെള്ളത്തിലായി. ഇവിടെ ഹോസ്റ്റലിലുണ്ടായിരുന്ന കുട്ടികളെ വടശ്ശേരിക്കരയിലെ ക്യാമ്പിലേക്ക് മാറ്റി. വെച്ചൂച്ചിറ-മുക്കൂട്ടുതറ റോഡിൽ കെല്ലമുളയിലെ കലുങ്കിനടിയിൽ മാലിന്യം കെട്ടിക്കിടന്ന് വെള്ളം റോഡിലൂടെ ഒഴുകി മണിക്കൂറുകളോളം ഗതാഗതതടസ്സമുണ്ടായി. റാന്നി താലൂക്ക് ആശുപത്രിയുടെ പിൻഭാഗത്ത് മതിലിടിഞ്ഞ് വെള്ളം ആശുപത്രിയിലേക്കൊഴുകി. പല ഭാഗത്തും മതിലുകളിടിഞ്ഞുവീണു. വൈകീട്ടോടെ ഇട്ടിയപ്പാറ ബസ്‌സ്റ്റാൻഡിലും റാന്നി ടൗണിൽ പല ഭാഗത്തും വെള്ളം കയറി. മാമുക്ക് പഴയപാലം വെള്ളത്തിൽ മുങ്ങി. റാന്നി ഉപാസന കടവ്, പേട്ട മാർക്കറ്റ്, ഇട്ടിയപ്പാറയിൽ ബസ്‌സ്റ്റാൻഡിന് പിൻഭാഗം, തോടിന്റെ വശങ്ങളിലെ കൃഷിയിടങ്ങൾ എന്നിവിടങ്ങളിലെല്ലാം വെള്ളം കയറി. ബസ്‌സ്റ്റാൻഡിൽ സ്റ്റാൻഡിന്റെ താഴ്ന്ന ഭാഗത്തും വെള്ളം കയറി. കടകളിലെ സാധനങ്ങളെല്ലാം നീക്കംചെയ്തു. നദീതീരങ്ങളിലെയും വലിയതോടിനോടുചേർന്ന താഴ്ന്ന പ്രദേശങ്ങളുമെല്ലാം വെള്ളത്തിലായി.