പത്തനംതിട്ട : വെള്ളിയാഴ്ച രാത്രിമുതൽ പത്തനംതിട്ടയിലും സമീപപ്രദേശങ്ങളിലും പെയ്യുന്ന കനത്തമഴയിൽ കുമ്പഴ കണിച്ചേരിക്കുഴി ഭാഗത്ത് ശക്തമായ മലവെള്ളപ്പാച്ചിലുണ്ടായി. കെ.ഒ.വർഗീസിന്റെ വീടിന്റെ സംരക്ഷണഭിത്തി തകർന്നു. പോർച്ചിലുണ്ടായിരുന്ന കാർ വെള്ളപ്പാച്ചിലിൽ 10 അടിയോളം ദൂരേക്കൊഴുകി.

തൊട്ടടുത്തുള്ള സംരക്ഷണഭിത്തിയിൽ ഇടിച്ചാണ് കാർ നിന്നത്. മൂന്നടിയോളം ഉയരമുള്ള സംരക്ഷണഭിത്തി തകർന്നു. മതിൽ കെട്ടാനായി ഉപയോഗിച്ച ഇഷ്ടികകൾ 15 മീറ്ററോളം അകലേക്ക് ഒഴുകിപ്പോയി. വീട്ടുമുറ്റത്ത് പാകിയ ഇന്റർലോക്ക് കട്ടയും മലവെള്ളപ്പാച്ചിലിൽ ഇളകിമാറി.

നഗരസഭാ ചെയർമാൻ സക്കീർ ഹുസൈൻ, വില്ലേജ് ഓഫീസർ, പത്തനംതിട്ട സി.ഐ. സുനിൽ എന്നിവർ സംഭവസ്ഥലം സന്ദർശിച്ചു.