ഏനാത്ത് : കല്ലടയാറ്റിൽ ജലനിരപ്പുയർന്നു. ബെയ്‍ലി പാലം നിന്നിരുന്ന കെട്ടിനുമുകളിൽവരെ വെള്ളമായി. ആറ്റിലെ വെള്ളം സമീപത്തെ പുരയിടത്തിലേക്കും കയറിത്തുടങ്ങി. മഴ കാരണം ചെട്ടിയാരഴികത്ത് കടവിൽ വെള്ളം കരയിലേക്ക് കയറി. ഇതുകാരണം പാലംപണി നിർത്തിവെച്ചു.

മുണ്ടപ്പള്ളി മുളമുക്ക് ശ്രീമംഗലത്ത് രാധാകൃഷ്ണന്റെ വീടിന്റെ ഭൂരിഭാഗവും തകർന്നു. അടുക്കള പൂർണമായും തകർന്നു. മണ്ണടി താഴത്ത് തോട് കരകവിഞ്ഞൊഴുകി താഴത്ത് ഏല വെള്ളത്തിലായി. ഇവിടെ പല റോഡുകളും വെള്ളത്തിലായി. ഏറത്ത് കിളിവയലിൽ തോട് കരകവിഞ്ഞൊഴുകി, വയല റോഡ് മുഴുവൻ വെള്ളത്തിലായി. ഗതാഗതം മുടങ്ങി. ഏനാത്ത്-മണ്ണടി റോഡിൽ കടകളിൽ വെള്ളംകയറി. തുടർന്ന് മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് സമീപത്തെ ഓട തെളിച്ചതോടെ വെള്ളം വലിഞ്ഞു.

2018-ലെ പ്രളയസമയത്ത് ഇതേ സ്ഥലത്ത് വെള്ളക്കെട്ടുണ്ടായി കടകളിൽ വെള്ളം കയറിയിരുന്നു. ഇതിനുശേഷം ചില നിർമാണ പ്രവർത്തനം നടന്നെങ്കിലും പ്രയോജനമുണ്ടായില്ല.

വാഴവിളപ്പടി : തുവയൂർ വടക്ക് വാഴവിളപ്പടി കാഞ്ഞിരവിളയിൽ കാളിയുടെ വീട് പൂർണമായും തകർന്നു.