പത്തനംതിട്ട : നാളുകൾ പിന്നിട്ടിട്ടും നിർമാണരംഗത്തെ സാമഗ്രികളുടെ വിലക്കയറ്റത്തിൽ അയവുണ്ടാകാത്തത് മേഖലയെ പ്രതിസന്ധിയിലാഴ്ത്തുന്നു. പൊതുമരാമത്ത് വകുപ്പിനെ കൂടാതെ ജലസേചനവകുപ്പിലെയും നിർമാണപ്രവൃത്തികൾ നിലയ്ക്കുന്ന സ്ഥിതിയാണ് സംജാതമാകുന്നത്. നിർമാണസാമഗ്രികളുടെ വിലക്കയറ്റം കാരണം തദ്ദേശവകുപ്പിലെ പുതിയ കരാറുകൾ ഏറ്റെടുക്കാൻപോലും ആളില്ലാത്തനിലയാണ് പലയിടത്തും.

സിമന്റ്, കന്പി, ടാർ എന്നിവയ്ക്ക്‌ മുപ്പത് ശതമാനം മുതൽ എഴുപത് ശതമാനം വരെ വിലവർധനയാണുണ്ടായതെന്ന് കരാറുകാരുടെ സംഘടനകൾ ചൂണ്ടിക്കാട്ടുന്നു. ഇറിഗേഷൻ ജോലികൾക്ക് ആവശ്യമായ പി.വി.സി. പൈപ്പ്, വൈദ്യുതോപകരണങ്ങൾ തുടങ്ങിയവയ്ക്കും വിലയേറി. ക്രഷർ ഉത്പന്നങ്ങളുടെ കാര്യത്തിലും ഇതേ സ്ഥിതിയാണ്. പ്രതിസന്ധി പരിഹരിക്കാൻ സംസ്ഥാന സർക്കാർ ശക്തമായി ഇടപെടണമെന്ന് കരാറുകാർ ആവശ്യപ്പെട്ടിട്ടുണ്ട്. ഇൗ വിഷയത്തിൽ സമരമുഖത്തേക്ക് കരാറുകാരുടെ സംഘടനകളെത്തിയിട്ടുണ്ട്.

കെട്ടിടനിർമാണ മേഖലയും സ്തംഭനാവസ്ഥയിലാണ്. ലോക്ഡൗണിന് മുന്പുള്ള വിലയിൽനിന്ന്‌ വൻമാറ്റമാണ് നിർമാണസാമഗ്രികൾക്ക് ഉണ്ടായിട്ടുള്ളത്. സിമന്റിന് വില അഞ്ഞൂറിന് അടുത്തെത്തി. പതിനൊന്ന് ലക്ഷം ടണ്ണാണ് സംസ്ഥാനത്ത് ഒരു മാസത്തെ സിമന്റ് ഉപഭോഗം. ഇതിൽ ഭൂരിഭാഗവും സ്വകാര്യകന്പനികളാണ് വിതരണം ചെയ്യുന്നത്.

കോവിഡ് സൃഷ്ടിച്ച തിരിച്ചടികൾക്കിടയിൽ അനിയന്ത്രിതമായ വിലക്കയറ്റവും മേഖലയുടെ അടിത്തറയിളക്കി. പാറ, മെറ്റൽ തുടങ്ങിയ ക്രഷർ ഉത്പന്നങ്ങളിലും വിലക്കയറ്റം ദൃശ്യമാണ്. ഇതരസംസ്ഥാന തൊഴിലാളികളും നാട്ടിലേക്ക് മടങ്ങി.

സർക്കാർ ഇടപെട്ട് വിലവർധന പിൻവലിക്കണമെന്നാവശ്യപ്പെട്ട് കേരള ഗവ. കോൺട്രാക്ടേഴ്സ് ഫെഡറേഷൻ വ്യാഴാഴ്ച സർക്കാർ ഓഫീസുകൾക്ക് മുന്നിൽ നിൽപ്പുസമരം നടത്തും.