അടൂർ : ഒരൊറ്റ മഴ പെയ്താൽ അടൂർ നഗരത്തിൽ ആകെ വെള്ളക്കെട്ടാണ്. അങ്ങനെയുള്ളപ്പോൾ വെള്ളത്തിന്റെ കൂടെ ചെളിയും കൂടി ആയാലോ. ഇപ്പോൾ നഗരത്തിൽ ഗവ. ആശുപത്രി മുതൽ പാർത്ഥസാരഥി ക്ഷേത്രം ജങ്ഷൻ വരെ ഈ അവസ്ഥയാണ്. ജലവിഭവവകുപ്പ് കുടിവെള്ളവിതരണപൈപ്പിടാൻ വേണ്ടി റോഡരികിൽ കുഴിയെടുത്തതാണ് ഇതിന് കാരണം. കുഴിയെടുത്ത് പൈപ്പിട്ടശേഷം മണ്ണിട്ട് മൂടിയെങ്കിലും മഴ പെയ്തതോടെ ഇവിടം മുഴുവൻ ചെളിയായി. ഇതു കാരണം സമീപത്തെ ലാബുകൾ, മെഡിക്കൽ സ്റ്റോറുകൾ എന്നിവിടങ്ങളിലേക്ക് പോകാൻ ആളുകൾ ഏറെ പ്രയാസപ്പെടുകയാണ്. കുഴിയെടുത്തതുകാരണം ആശുപത്രിക്കു മുൻപിൽ പാർക്ക് ചെയ്തിരുന്ന ആംബുലൻസുകൾക്കും ഇപ്പോൾ വാഹനമിടാൻ സ്ഥലമില്ലാത്ത അവസ്ഥയാണ്.

നേരത്തേ പറഞ്ഞെങ്കിലും കേട്ടില്ല

ദിവസങ്ങൾക്കു മുമ്പ് അടൂർ ഹോളിക്രോസിനു സമീപത്തുനിന്ന്‌ റവന്യൂ ടവർ ഭാഗത്തേക്ക്‌ പോകുന്ന റോഡരികും സമാനരീതിയിൽ കുഴിച്ചിരുന്നു. ഇത് മണ്ണിട്ടുമൂടിയെങ്കിലും ആശാസ്ത്രീയമായിട്ടായിരുന്നു. ഇതു കാരണം വാഹനങ്ങൾക്ക് കടന്നുപോകാൻ സാധിക്കാത്ത അവസ്ഥയിലായിരുന്നു. വീണ്ടും ഇത്തരത്തിൽ കുഴിയെടുത്താൽ സമാനരീതിയിൽ പ്രശ്നമുണ്ടാകാൻ സാധ്യതയുണ്ടെന്ന് വ്യാപാരികളും നാട്ടുകാരും മുൻകൂട്ടി അധികൃതരെ അറിയിച്ചതാണ്.

ഈ ദുരവസ്ഥ ‘മാതൃഭൂമി’യും മുൻപ് വാർത്ത നൽകിയിരുന്നു. ഇപ്പോൾ മഴ മാറിയശേഷം കുഴിയെടുത്തിരുന്നെങ്കിൽ ഈ അവസ്ഥയുണ്ടാകില്ലായിരുന്നുവെന്ന് വ്യാപാരികൾ പറയുന്നു.

കോവിഡ് നിയന്ത്രണം മാറി ഇളവുകൾ ലഭിച്ചശേഷം തുറക്കുന്ന ഈ ഭാഗത്തെ കടകൾ ചെളിവെള്ളം കാരണം പ്രയാസപ്പെടുമെന്നുറപ്പാണ്.

ഈ പ്രതിസന്ധിഘട്ടത്തിൽ ആരോടു പരാതി പറയും എന്ന വിഷമത്തിലാണ് അടൂരിലെ വ്യാപാരികൾ.