പത്തനംതിട്ടക്കാരുടെ ഹൃദയത്തിലേക്കൊരു റൂട്ട് തുറന്നിട്ടാണ് പി.ബി.നൂഹ് രണ്ടര വർഷം സഞ്ചരിച്ചത്.പ്രളയത്തിൽ ഒപ്പം തുഴഞ്ഞ്,കോവിഡിൽ മനസ്സുകൊണ്ട് ഒന്നായി നൂഹ് എന്നൊരു കളക്ടർ പത്തനംതിട്ടക്കാരുടെ കരളും മോഷ്ടിച്ചങ്ങ് പോവുകയാണ്. അയ്യോ ഇപ്പമിങ്ങ് വന്നതല്യോ... പെട്ടെന്നങ്ങ് പോകുവാണോ... എന്ന് നാട് ചോദിച്ച് പോകുന്ന സ്നേഹം. കാരണം പ്രിയപ്പെട്ടവർ രണ്ടര വർഷമല്ല രണ്ട് പതിറ്റാണ്ട് ഒപ്പമിരുന്നാലും നമുക്ക് ഇപ്പം വന്നതുപോലെ തോന്നും.
കഥ തുടങ്ങുന്നു, എസ്‌കേപ്പ് ഫ്രം പത്തനംതിട്ട
മൂന്ന് മാസത്തിനുള്ളിൽ സ്ഥലംമാറ്റം വാങ്ങി പോകണം. 2018 ജൂൺ മൂന്നിന് പി.ബി.നൂഹെന്ന യുവാവ് പത്തനംതിട്ടയുടെ 34-ാമത്തെ കളക്ടറായി സ്ഥാനമേൽക്കുമ്പോൾ ആഗ്രഹിച്ചതിങ്ങനെയാണ്. പക്ഷേ ആ ആഗ്രഹം നടന്നില്ല.മൂന്നുമാസമെന്നത് മാസങ്ങളും വർഷങ്ങളും പിന്നിട്ടു. ഒടുവിൽ രണ്ടര വർഷവും പത്തുദിവസവും നീണ്ട സേവനത്തിനൊടുവിൽ അനിവാര്യമായ സ്ഥലംമാറ്റം വന്നപ്പോൾ നൂഹ് പടിയിറങ്ങുന്നത് ജില്ലയുടെ ഇന്നോളമുള്ള ചരിത്രത്തിൽ ഒരു പുതുഅധ്യായം കുറിച്ചാണ്. ഏറ്റവും കൂടുതൽക്കാലം പത്തനംതിട്ടയിൽ കളക്ടറുടെ കസേരയിൽ ഇരുന്നയാൾ, പ്രതിസന്ധികളിൽ പതറാതെ ജില്ലയെ മുന്നിട്ട് നയിച്ചയാൾ. അങ്ങനെ പത്തനംതിട്ടക്കാർക്ക് നൂഹ് അവരുടെ ചങ്ക് ബ്രോയായി. ഔദ്യോഗിക ജീവിതത്തിൽ മറക്കാനാവാത്ത പത്തനംതിട്ടക്കാലത്തിലൂടെ നൂഹ് സഞ്ചരിക്കുന്നു.
സീൻ ഒന്ന് -മാസല്ല, മരണമാസ് എൻട്രി
സാധ്യതകളില്ലാത്ത ജില്ല. ഈയൊരു മുൻവിധിയോടെയാണ് നൂഹ് പത്തനംതിട്ടയിൽ സ്ഥാനമേൽക്കുന്നത്. പക്ഷേ പിന്നീട് സീൻ ആകെ മാറുകയായിരുന്നു. 2018-ലെ പ്രളയം പത്തനംതിട്ടക്കാർ മറക്കില്ല. പി.ബി.നൂഹിനെയും. കിഴക്ക് റാന്നിമുതൽ പടിഞ്ഞാറ് അപ്പർക്കുട്ടനാട് വരെ മലവെള്ളപ്പാച്ചിലിൽ മുങ്ങിത്താന്നത് പത്തനംതിട്ടക്കാർ ഇന്നോളം കാണാത്തരീതിയിൽ.
2018 ഓഗസ്റ്റ് 15-ന് റാന്നിയിലെ ഉയർന്ന പ്രദേശങ്ങൾ മുങ്ങിത്താഴുമ്പോൾ ഉദര ശസ്ത്രക്രിയ്ക്ക് ശേഷം വിശ്രമത്തിലായിരുന്നു കളക്ടർ. എന്നാൽ പ്രളയം സംഹാരതാണ്ഡവമാടുന്നത് കണ്ടിരിക്കാനാകാതെ ശസ്ത്രക്രിയ കഴിഞ്ഞ് മൂന്നാം നാൾ കളക്ടർ ജോലിയിൽ പ്രവേശിച്ചു. ആവശ്യത്തിന് ഡിങ്കി ബോട്ടുകളോ വള്ളങ്ങളോയില്ല. പല വീടുകളിലും ആളുകൾ കുടുങ്ങിക്കിടക്കുന്നു. സർക്കാർ സംവിധാനത്തിനപ്പുറം നീന്തലറിയുന്നവരെ വേണം. മറ്റൊന്നുമാലോചിച്ചില്ല. മത്സ്യത്തൊഴിലാളികളെ രക്ഷാപ്രവർത്തനത്തിനിറക്കുന്നു. കാരണം, മുമ്പ് ഓഖി ദുരന്തമുണ്ടായപ്പോൾ അവിടെ സ്പെഷ്യൽ ഓഫീസറായി ജോലിചെയ്ത നൂഹിന് മത്സ്യത്തൊഴിലാളികളുടെ സേവനമനോഭാവവും കൈകരുത്തും അറിയാമായിരുന്നു. കൊല്ലം കളറക്ടറുമായി സംസാരിച്ചു. മണിക്കൂറുകൾക്കുള്ളിൽ അഞ്ച് ബോട്ടും 50 മത്സ്യത്തൊഴിലാളികളും ജില്ലയിലെത്തി. പിന്നീട് സംസ്ഥാനമാകെ പ്രളയ രക്ഷാപ്രവർത്തനത്തിന്റെ നേതൃത്വം മത്സ്യത്തൊളിലാളികൾ എറ്റെടുത്തു.
സീൻ രണ്ട് -വൈറൽ കളക്ടർ
പ്രളയാനന്തരം മറ്റൊരു വെല്ലുവിളിയായിരുന്നു. എല്ലാം ഒന്നിൽനിന്ന് തുടങ്ങണം. പലർക്കും വീടും സമ്പാദ്യങ്ങളും നഷ്ടമായി. ആവശ്യസാധനങ്ങൾ കൃത്യമായി എത്തിക്കണം. നിലവിലെ സർക്കാർ ജീവനക്കാരുടെ കുറവ് മൂലം ഇത്രയധികം കാര്യങ്ങൾ പെട്ടെന്ന് നടക്കണമെന്നില്ല. മറ്റൊന്നുമാലോചിച്ചില്ല. ഫെയ്സ് ബുക്കിൽ അപ്പോൾ തന്നെ ഒരു വീഡിയോ ഇട്ടു. ജില്ലാ കളക്ടറുടെ വൊളന്റിയർ സംഘത്തിലേക്ക് ആളുകളെ വേണമെന്ന്.
മണിക്കൂറുകൾക്കുള്ളിൽ 200 ചെറുപ്പക്കാർ സ്വയം സേവനസന്നദ്ധരായി വന്നു. അവരെ മാത്രം ഉപയോഗിച്ച് 12 മണിക്കൂർ കൊണ്ട് 55000 അവശ്യവസ്തുക്കളുടെ കിറ്റുകൾ വിവിധയിടങ്ങളിലെത്തിച്ചു. കളക്ടറേറ്റിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന സഹായകേന്ദ്രം. വീടുകളും റോഡുകളും വൃത്തിയാക്കൽ. ഇങ്ങനെ പ്രളയാനന്തര പുനരുദ്ധാരണം റെക്കോഡ് വേഗത്തിൽ ജില്ലയിൽ നടപ്പാക്കിയതോടെ പി.ബി. നൂഹ് സമൂഹമാധ്യമങ്ങളിലും വൈറലായി.
സീൻ മൂന്ന് -മിഷൻ കോവിഡ്
സംസ്ഥാനത്ത് തന്നെ ആദ്യമായി ഒരുകുടുംബത്തിലെ ഏഴുപേർക്ക് കോവിഡ് സ്ഥിരീകരിക്കുന്നതും പത്തനംതിട്ടയിലാണ്. വീണ്ടും ഉറക്കമില്ലാത്ത രാത്രികൾ. കോവിഡ് ബാധിതർ വിവിധയിടങ്ങളിൽ പോയിട്ടുണ്ട്. ഇടപഴകിയിട്ടുണ്ട്. ഇത് കണ്ടെത്തണം. അതിനും കളക്ടർ ഒരാശയം തയ്യാറാക്കി. റൂട്ട് മാപ്പ്(സഞ്ചാര പാത). രണ്ടു ഡോക്ടർമാരുൾപ്പെടെ ആറംഗ സംഘത്തെ ഇതിനായി നിയോഗിച്ചു.
രോഗബാധിതരിൽനിന്ന് ശേഖരിക്കുന്ന പ്രാഥമിക വിവരങ്ങൾ,പോലീസിന്റെ സഹായത്തോടെ ഇവരുടെ കോൾ ലിസ്റ്റ്, ടവർ ലൊക്കോഷൻ ഉൾപ്പെടെ പരിശോധിച്ച് തയ്യാറാക്കും. സംഗതിക്ക് ആരോഗ്യമന്ത്രിയും സർക്കാരും പച്ചക്കൊടിക്കാട്ടിയതോടെ സംഗതി ക്ലിക്ക്. അങ്ങനെ കേരളമാതൃകയിൽ മറ്റ് സംസ്ഥാനങ്ങൾ ഈ രീതി അവലംബിച്ചു. രാജ്യത്ത് ആദ്യമായി റൂട്ട് മാപ്പ് പുറത്തിറക്കിയെന്ന് ഖ്യാതിയും പത്തനംതിട്ടയ്ക്ക് കിട്ടി.
തീർന്നില്ല, ലോകത്തിന്റെ ഏതുഭാഗത്ത് പത്തനംതിട്ട ജില്ലയിലുള്ളയാൾ കോവിഡ് ബാധിച്ച് മരിച്ചാലും അവരുടെ വിവരങ്ങൾ, നാട്ടിൽ വന്നുപോയതെന്ന് തുടങ്ങി എല്ലാ വിവരങ്ങളും ഇന്നും ശേഖരിച്ചുവരുന്നു.
സീൻ അഞ്ച്-പേഴ്‌സണലായി പറയുകയാ
ജോലിക്കിടയിലും കുടുംബക്കാര്യത്തിന് അർഹിക്കുന്ന പ്രാധാന്യം നൽകണം. കളക്ടറുടെ നിലപാടിതാണ്. മൂവാറ്റുപുഴ പേഴയ്ക്കാപ്പിള്ളിയിൽ ബാവയുടെയും മീരാവുമ്മയുടെയും എട്ടുമക്കളിൽ ഏഴാമനായ നൂഹിനെ ഐ.എ.എസ്. സ്വപ്‌നം കാണാൻ പഠിപ്പിച്ചത് ജ്യേഷ്ഠനും പശ്ചിമബംഗാൾ കേഡറിലെ മുതിർന്ന ഐ.എ.എസ്. ഉദ്യോഗസ്ഥനുമായ പി.ബി.സലീമാണ്.
എന്നും ഭരണനിർവഹണത്തിൽ ജ്യേഷ്ഠന്റെ ഉപദേശങ്ങൾ നൂഹിന് പിന്തുണയും പ്രോത്സാഹനവുമാണ്. വീട്ടിൽ വന്നാൽ അടങ്ങിയിരിക്കുന്ന ശീലം പണ്ടേയില്ല. യാത്രയോട് എന്നും പ്രണയമാണ്. പ്രത്യേകിച്ചും കാടുകയറാൻ. ഇത്തരം ശീലങ്ങൾക്കെല്ലാം കുടപിടിക്കാൻ താങ്ങും തണലുമായി ഭാര്യ ഡോ.ഫാത്തിമയും കളക്ടർക്കൊപ്പമുണ്ട്.
സീൻ ആറ് -ഒരു ചിന്ന ഇന്റർവെൽ
പത്തനംതിട്ട, ഇതെന്റെകൂടെ നാടാണ്. മറക്കില്ല പത്തനംതിട്ടക്കാരെ. ഇതു പറയുമ്പോൾ കളക്ടർ ബ്രോയ്ക്കും സങ്കടമുണ്ട്. ജോലിചെയ്ത കാലയളവുകൾ വെല്ലുവിളി നിറഞ്ഞതായായിരുന്നു. മറ്റൊരു ജില്ലയും അഭിമുഖീകരിക്കാത്ത പ്രശ്നങ്ങളിലൂടെയാണ് കടന്നുപോയത്. സർവീസ് ജീവിതത്തിൽ ഒരു പരുവപ്പെടുത്തലിന്റെ കാലം കൂടിയായിരുന്നു ഇത്. മറ്റൊരു ജില്ലയിൽ പോയാലും കുറഞ്ഞ സമയത്ത് ഇത്രയധികം കാര്യങ്ങൾ ചെയ്യാൻ കഴിയില്ലായിരുന്നു.
അതിന് കാരണം ഒന്നുമാത്രമാണ്. 12 ലക്ഷം ആളുകൾ അധിവസിക്കുന്ന പത്തനംതിട്ടയിൽ ബഹുഭൂരിപക്ഷം ആളുകളും എന്നെ പിന്തുണച്ചു. അവരിലൊരാളായി എന്നെ കണ്ടു. പത്തനംതിട്ടക്കാരുടെ കളക്ടർ ബ്രോ പറഞ്ഞുനിർത്തി.