പന്തളം : കോവിഡ് നിയന്ത്രണത്തിനിടയിലും കുടശ്ശനാട് ഉണ്ണികൃഷ്ണനെന്ന കലാസ്നേഹി വീടിനോടുചേർന്ന സ്ഥലത്ത് ഒരുദിവസത്തെ സംഗീത സദസ്സൊരുക്കി. പിന്നണി ഗായകൻ അനു വി.കടമ്മനിട്ട സംഗീത സദസ്സ് അവതരിപ്പിച്ച് ഉദ്ഘാടനം നടത്തിയശേഷം താളമേളക്കാരടക്കം വിവിധ സ്ഥലങ്ങളിൽനിന്നെത്തിയ കലാകാരന്മാർ സംഗീതാരാധന നടത്തി.

കഴിഞ്ഞ 14 വർഷമായി നടത്തിവന്ന സംഗീതാരാധനയ്ക്ക് മുടക്കംവരാതിരിക്കാനാണ് വീട്ടിൽത്തന്നെ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ആരാധനാ സൗകര്യമൊരുക്കിയതെന്ന് കുടശ്ശനാട് ഉണ്ണികൃഷ്ണൻ പറഞ്ഞു. കുടശ്ശനാട് അമൽ കമ്യൂണിക്കേഷൻസ് എന്ന ഗാനമേള ട്രൂപ്പും അമൽ പ്രോഗ്രാം ഏജൻസിയും നടത്തിവന്ന ഇദ്ദേഹം കോവിഡിൽ ആഘോഷ പരിപാടികൾക്ക് പൂട്ടുവീണതോടെ സാമ്പത്തികമായും തകർന്ന അവസ്ഥയിലാണ്. നാടക നടൻ, സംവിധായകൻ, പ്രോഗ്രാം സംഘാടകൻ എന്നീ മേഖലകളിൽ നിറഞ്ഞുനിന്നയാളാണ് ഉണ്ണികൃഷ്ണൻ.