തിരുവല്ല : ശ്രീവല്ലഭന് നിത്യവും അണിയാൻ വളപ്പിൽതന്നെ താമരപ്പൂക്കൾ കൃഷിചെയ്യാൻ പദ്ധതി. എട്ടിടത്തായാണ് താമരപ്പൊയ്ക ഒരുക്കുന്നത്. സിമന്റ് ഉപയോഗിച്ച് പ്രത്യേകം വാർത്തെടുക്കുന്ന പൊയ്കയിൽ മണ്ണും വളങ്ങളും നിറച്ചാണ് താമര വളർത്തുക.

അപൂർവയിനങ്ങളായ സഹസ്രദളപദ്മം, യെല്ലോ പിയോണി, വൈറ്റ് പിയോണി, പിങ്ക് ക്ലൗഡ്, ഡ്രോപ് ബ്ലഡ്, വൈറ്റ് പഫ്, ലിറ്റിൽ റെയ്ൻ തുടങ്ങിയ താമരകളാണ് ക്ഷേത്രവളപ്പിൽ നട്ടുവളർത്തുന്നത്.

ശ്രീവല്ലഭേശ്വര അന്നദാന സമിതി ക്ഷേത്രത്തിൽ നടത്തുന്ന ദേവഹരിതം പദ്ധതിയുടെ ഏഴാം ഘട്ടമായാണ് താമരപ്പൊയ്ക ഒരുക്കുന്നത്. കരനെൽക്കൃഷി, എള്ളുകൃഷി, പടറ്റി, നേന്ത്രവാഴത്തോട്ടം, ഔഷധത്തോട്ടം, ഫലവൃക്ഷത്തോട്ടം, പൂജാപുഷ്പങ്ങൾ എന്നിവ വിവിധ ഘട്ടങ്ങളിലായി തയ്യാറാക്കി പരിപാലിച്ചുവരുകയാണ്. അഡ്‌ഹോക്ക് കമ്മിറ്റി നടത്തുന്ന നവീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി പടിഞ്ഞാറെ നടയിലെ രണ്ട് ആൽത്തറകളും അറ്റകുറ്റപ്പണി നടത്തി മോടിപിടിപ്പിച്ചു.

17-ന് വൈകീട്ട് നാലിന് ദേവസ്വം ബോർഡ് പ്രസിഡന്റ് എൻ.വാസു താമരപ്പൊയ്കയുടെ ഉദ്ഘാടനം നടത്തും. ചെടികൾ നൽകിയവരെയും ആർത്തറ നവീകരണത്തിന് സഹകരിച്ചവരെയും ആദരിക്കും. അന്നദാനസമിതി പ്രസിഡന്റ് എൻ.ശ്രീകുമാരപിള്ള അധ്യക്ഷത വഹിക്കും.