അടൂർ: ഓർമയിൽ എവിടെയോ കടന്നുപോയ ബാല്യം. അറിവ് നേടാൻ കൊതിച്ചെങ്കിലും അത് നേടാനാകാത്ത കൗമാരം. ജീവിക്കാൻ പൊരുതിയപ്പോൾ പാതിവഴിയിൽ സമൂഹത്തിൽനിന്ന്‌ ലഭിച്ചതോ അവഗണന. പിന്നെ വാർധക്യം. കഥകൾ പറയാനേറെയുണ്ട് മഹാത്മയിലെ മീനാക്ഷിയമ്മ, കല്യാണിയമ്മ, ഭാരതിയമ്മ എന്നീ മൂന്ന് മുത്തശ്ശിമാർക്ക്. ഇനി ഈ മുത്തശ്ശിമാർ കഥകൾ പറയുകയല്ല വായിക്കുകകൂടി ചെയ്യും.

ഇതിെന്റ ഭാഗമായി വിജയദശമി ദിനത്തിൽ ഇവരുടെ അക്ഷരം പഠിക്കണമെന്ന വർഷങ്ങളായിട്ടുള്ള ആഗ്രഹം സഫലീകരിച്ചിരിക്കുകയാണ് അടൂർ മഹാത്മ ജനസേവനകേന്ദ്രം എന്ന വയോജന പരിപാലന കേന്ദ്രം. അറുപതുകാരിയായ മീനാക്ഷിയമ്മയാണ് അക്ഷരം പഠിക്കണമെന്ന ആഗ്രഹം മഹാത്മയുടെ ചെയർമാൻ രാജേഷ് തിരുവല്ലയെ ആദ്യം അറിയിച്ചത്.

മീനാക്ഷിയമ്മയുടെ ആവശ്യം കേട്ടുനിന്നപ്പോഴാണ് പ്രതീക്ഷയോടെ മറ്റ് രണ്ട് പേർ കൂടി എത്തിയത്. തുമ്പമൺ സ്വദേശിനി കല്യാണിയമ്മ(75), മണ്ണടി സ്വദേശിനി ഭാരതിയമ്മ (86)എന്നിവരും അക്ഷരം പഠിക്കണമെന്ന ആഗ്രഹം അറിയിച്ചു. അങ്ങനെ വിജയദശമി ദിനത്തിൽ ആദ്യക്ഷരം എഴുതിക്കാൻ തീരുമാനിച്ചു.

ഇവരെ അക്ഷരം എഴുതിക്കാൻ എത്തിയത് ചലച്ചിത്ര നടിയും ജീവകാരുണ്യ പ്രവർത്തകയുമായ സീമാ ജി.നായരാണ്. വർഷങ്ങൾക്ക് മുമ്പ് മഹാത്മയിൽ എത്തിയതാണ് മൂന്ന് മുത്തശ്ശിമാരും. ഇവരാരും ആശാൻ കളരിയോ, പള്ളിക്കൂടമോ ഇതുവരെ കണ്ടിട്ടില്ല. അക്ഷരം പഠിച്ചാൽ മറ്റുള്ളവരെപ്പോലെ പത്രമെങ്കിലും വായിക്കാമെന്നാണ് മുത്തശ്ശിമാർ പറയുന്നത്.