സീതത്തോട് : ചിറ്റാറിൽ സർക്കാർ പോക്കുവരവ് ചെയ്തു നൽകാത്ത തോട്ടം മേഖലയിൽ നിന്ന് തേക്ക് മുറിച്ച് കടത്തിയ സംഭവത്തിൽ അന്വേഷണം വേണമെന്ന ആവശ്യം ശക്തമാകുന്നു. റവന്യൂ മിച്ചഭൂമിയിൽ നിന്ന തടികളാണ് ഇവിടെ വലിയ തോതിൽ മുറിച്ച് കടത്തിയത്. ഈ മേഖലയിൽ ജനങ്ങൾ വിലകൊടുത്തു വാങ്ങിയ ഭൂമിയുടെ പോക്കുവരവ് ചെയ്ത് നൽകാൻ പോലും റവന്യൂ വകുപ്പ് തയ്യാറാകുന്നില്ല. എന്നാൽ, ഇതെല്ലാം മറികടന്നാണ് ഇവിടെയുള്ള പല സ്ഥലങ്ങളിൽ നിന്നായി തേക്കുതടികൾ മുറിച്ച് കടത്തിയത്.

റവന്യൂ, വനം ഉദ്യോഗസ്ഥരുടെ അറിവോടെയല്ലാതെ ഈ പ്രദേശത്ത് നിന്ന് തടി മുറിച്ചു കൊണ്ടു പോകാനാകില്ല. ഈ മേഖലയിൽ പട്ടയ ഭൂമിയിൽ കർഷകർ നട്ടുവളർത്തിയ മരങ്ങൾ പോലും മുറിച്ചെടുക്കാൻ വനം വകുപ്പ് അനുവദിക്കാറില്ല. ഇത്തരത്തിൽ കടുത്ത നിയന്ത്രണങ്ങൾ നിലനിൽക്കുമ്പോഴാണ് ലക്ഷങ്ങൾ വിലവരുന്ന തേക്കുതടികൾ മുറിച്ച് കടത്തിയത്. ഇവിടെനിന്ന് തടികൊണ്ടു പോകാൻ റവന്യൂ വനം വകുപ്പുകൾ പാസ്സ് നൽകിയതും പരിശോധിക്കേണ്ടതാണ്.

റവന്യൂ ഭൂമിയെന്ന് രേഖകൾ പറയുമ്പോഴും ഇതെല്ലാം പഴയ വനമേഖലയുടെ ഭാഗമാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. അതുകൊണ്ട് തന്നെ വൻ വിലവരുന്നതായിരുന്നു ഇവിടുത്തെ തേക്കുമരങ്ങളിലധികവും. അതേസമയം തേക്ക് കടത്ത് മുമ്പുതന്നെ വിവാദമായതോടെ പലയിടത്തും തെളിവ് നശിപ്പിക്കാനായി മരത്തിന്റെ കുറ്റികളുൾപ്പടെ നശിപ്പിച്ചതായും വ്യക്തമായിട്ടുണ്ട്. തടി കടത്തിന് പിന്നിൽ ഉദ്യോഗസ്ഥ, തടികച്ചവട ലോബിക്കു പുറമെ പ്രാദേശിക രാഷ്ട്രീയ നേതാക്കൾക്കും പങ്കുള്ളതായി ആക്ഷേപമുണ്ട്.

മുട്ടിൽ മരം മുറിയുടെ ഭാഗമായുള്ള വിവാദ ഉത്തരവിന്റെ മറപിടിച്ചാണ് ചിറ്റാറിൽ നിന്ന് അവസാനം തേക്കു കടത്തിയതെന്നും പറയപ്പെടുന്നു. തടികടത്തിനെ എതിർത്ത ചില വനം ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയ സംഭവങ്ങളും ഉണ്ടായിട്ടുണ്ട്.